വായ്പാതട്ടിപ്പ്: സഹകരണ ബാങ്ക് ക്ലർക്കിന്റെ ജാമ്യാപേക്ഷ തള്ളി
1515728
Wednesday, February 19, 2025 7:07 AM IST
തൃശൂർ: സഹകരണസംഘം അംഗങ്ങളുടെ പേരില്‍ വ്യാജരേഖ ഉണ്ടാക്കി അതുപയോഗിച്ചു മതിയായ ഈടില്ലാതെ കോടിക്കണക്കിനു രൂപ വായ്പയെടുത്ത കേസിൽ മൂന്നാംപ്രതിയായ സഹകരണ ബാങ്ക് ജൂണിയർ ക്ലർക്കിന്റെ ജാമ്യാപേക്ഷ തള്ളി.
കുരുവിലശേരി സര്‍വീസ് സഹകരണ ബാങ്ക് ജൂണിയര്‍ ക്ലര്‍ക്ക് മാള ആത്തപ്പിള്ളി ഡോജോ ഡേവിസിന്റെ (41) ജാമ്യാപേക്ഷയാണു ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി പി.പി. സെയ്തലവി തള്ളിയത്. തൃശൂര്‍ സഹകരണ ജോയിന്റ് ഡയറക്ടര്‍ (ഓഡിറ്റ്) നടത്തിയ പരിശോധനയിലാണു ക്രമക്കേട് കണ്ടെത്തിയത്. കുരുവിലശേരി സര്‍വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് എ.ആര്. രാധാകൃഷ്ണന്, മുന്‍ സെക്രട്ടറി കെ.ബി. സജീവ് എന്നിവര്‍ കേസില്‍ ഒന്നും രണ്ടും പ്രതികളാണ്.
നിലവിലെ സംഘം സെക്രട്ടറി ജില്ലാ പോലീസ് മേധാവിക്കു നല്കിയ പരാതിയിൽ മാള പോലീസാണു ക്രൈം രജിസ്റ്റര്‍ ചെയ്തത്.മതിയായ ഈടില്ലാതെ ഒന്നാംപ്രതിയുടെയും കുടുംബാംഗങ്ങളുടെയും പേരില്‍ 1.80 കോടിയുടെ 18 വായ്പകളെടുത്തും, മറ്റു മെമ്പര്‍മാരുടെ പേരിലുള്ള വായ്പകളില്‍ വായ്പസംഖ്യ മറച്ചുവച്ച് കൂടുതല്‍ തുക കാണിച്ച് 23 ലക്ഷത്തോളം രൂപയും പ്രതികള്‍ കൂട്ടായി തട്ടിച്ചെടുക്കുകയായിരുന്നു.
തട്ടിപ്പു നടത്തിയെടുത്ത വായ്പത്തുക പ്രതികൾ തിരിച്ചടച്ചിരുന്നില്ല. കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും ബാങ്കിലെ ഏതാനും അംഗങ്ങളുടെയും പേരില്‍ പ്രതികള്‍ വ്യാജരേഖകള്‍ ഉപയോഗിച്ചാണു വായ്പയെടുത്തത്. മൂന്നു കോടിയിലധികം രൂപ ബാങ്കിന് ഇതുമൂലം നഷ്ടം വന്നിരുന്നു.
തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിക്കു നല്കിയ പരാതിയില്‍ മാള പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കേസ് പിന്നീട് ക്രൈംബ്രാഞ്ചിനു വിട്ടിരുന്നു. തുടര്‍ന്നാണ് പ്രതി ജില്ലാ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ബി. സുനില്‍കുമാർ ഹാജരായി.