മാരാർ കോൾപ്പടവ് ബണ്ട് പുനർനിർമാണം: 39.56 ലക്ഷം അനുവദിച്ചു
1516489
Saturday, February 22, 2025 12:49 AM IST
തൃശൂർ: കാര്യാട്ടുകരയിലെ മാരാർ കോൾപ്പടവ് ബണ്ടിന്റെ പുനർനിർമാണത്തിന് 39.56 ലക്ഷം രൂപ സർക്കാർ അനുവദിച്ചു. മാരാർ കോൾപ്പടവിനും കുഞ്ഞിക്കോൾപ്പടവിലെ അനുബന്ധ പ്രവർത്തനങ്ങൾക്കുമായാണ് 39,56,600 രൂപ ആർകെഐയുടെ പ്രോജക്ടിൽനിന്നും തുക അനുവദിച്ചത്.
കഴിഞ്ഞ ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ ജില്ലയിൽ പെയ്ത കനത്ത മഴയിൽ മാരാർ, എൽത്തുരുത്ത് കോൾപ്പടവുകളിലെ ബണ്ട് 300 മീറ്ററോളം തകരുകയും നൂറ്റന്പത് ഏക്കർ കൃഷി നശിക്കുകയും ചെയ്തിരുന്നു. 70 മീറ്റർ ബണ്ട് പൂർണമായും തകർന്നിരുന്നു. കനത്ത മഴയിൽ കുഞ്ഞിക്കോൾ പ്രദേശത്തെ മണ്ണും കളകളും കുറ്റിച്ചെടികളും സഹിതം മാരാർ കോളിലേക്ക് ഒഴുകിയെത്തിയിരുന്നു.
തുടർന്ന് കളക്ടർ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിക്കുകയും ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് പ്രകാരം ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർ കോർപറേഷന് കത്തും നൽകിയിരുന്നു.
കോർപറേഷൻ അവശിഷ്ടങ്ങൾ നീക്കംചെയ്യുന്നതിനായി രണ്ടുലക്ഷവും ഇന്ധനച്ചെലവിനായി 1.5 ലക്ഷവും അനുവദിച്ചിരുന്നു. 70 മീറ്റർ പൊളിഞ്ഞുപോയ ബണ്ട് പുനർനിർമിക്കുന്നതിനും പൊട്ടിയ ബണ്ടിന്റെ അവശിഷ്ടങ്ങളും കുളവാഴ ഉൾപ്പെടെയുള്ള മാലിന്യങ്ങളും നീക്കംചെയ്യുന്നതിനുമായാണ് 39.56 ലക്ഷം രൂപ അനുവദിച്ചത്.
ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗത്തിൽ മാർച്ചിൽതന്നെ ഇതിന്റെ നിർമാണം പൂർത്തീകരിക്കുമെന്നു കളക്ടർ അറിയിച്ചു. സബ് കളക്ടർ അഖിൽ വി. മേനോൻ, അസിസ്റ്റന്റ് കളക്ടർ അതുൽ സാഗർ, കോർപറേഷൻ കൗണ്‍സിലർ ലാലി ജെയിംസ്, ഉദ്യോഗസ്ഥർ, പാടശേഖരസമിതി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.