ഒല്ലൂർ ജംഗ്ഷൻ വികസനം : സ്ഥലമേറ്റെടുക്കൽ ആറുമാസത്തിനകം പൂർത്തീകരിക്കണം: മന്ത്രി
1516136
Friday, February 21, 2025 1:19 AM IST
തൃശൂർ: ഒല്ലൂർ ജംഗ്ഷൻ വികസനത്തിന്റെ ഭാഗമായി സ്ഥലമേറ്റെടുക്കൽ നടപടികൾ ആറുമാസത്തിനകം പൂർത്തിയാക്കണമെന്നു മന്ത്രി കെ. രാജൻ. ജംഗ്ഷൻ വികസനവുമായി ബന്ധപ്പെട്ടു ജനപ്രതിനിധികൾ, റവന്യൂ - കെആർഎഫ്ബി ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ, വ്യാപാരിപ്രതിനിധികൾ എന്നിവർ പങ്കെടുത്ത യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ഥലമേറ്റെടുക്കൽ നടപടികൾക്കായി 12 ജീവനക്കാർ അടങ്ങുന്ന സ്പെഷൽ തഹസിൽദാർ എൽഎ (ജനറൽ) ഓഫീസ് അനുവദിച്ചിട്ടുണ്ട്. വികസനനിർദേശങ്ങളുടെ ഭാഗമായി ഏറ്റെടുക്കേണ്ട സ്ഥലങ്ങളെക്കുറിച്ചും അന്തിമ ഡിസൈൻ തയാറാക്കുന്നതിനുമായി ഇന്നു രാവിലെ പത്തിനു റവന്യൂ- കെആർഎഫ്ബി ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും വ്യാപാരിപ്രതിനിധികളുടെയും നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്താൻ യോഗം തീരുമാനിച്ചു.
സംസ്ഥാനത്തെ മുൻഗണനാപദ്ധതികളിൽ ഒന്നായ ഒല്ലൂർ ജംഗ്ഷൻ വികസനത്തിനായി 0.9318 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടിവരിക. ഇതിനായി 55.17 കോടി രൂപ കിഫ്ബിയിൽനിന്ന് അനുവദിച്ചിരുന്നു. പദ്ധതിയുടെ ഭാഗമായി ഒല്ലൂർ ജംഗ്ഷനിൽനിന്ന് തൃശൂർ ഭാഗത്തേക്കുള്ള റോഡ് 21 മീറ്റർ വീതിയിൽ 270 മീറ്റർ നീളത്തിലും തലോർ ഭാഗത്തേക്ക് 21 മീറ്റർ വീതിയിൽ 270 മീറ്റർ നീളത്തിലും നടത്തറ ഭാഗത്തേക്കുള്ള റോഡ് 21 മീറ്റർ വീതിയിൽ 375 മീറ്റർ നീളത്തിലും ചേർപ്പ് ഭാഗത്തേക്കുള്ള റോഡ് 18.50 മീറ്റർ വിതീയിൽ 177 മീറ്റർ നീളത്തിലും നടത്തറ റോഡിൽനിന്ന് എടക്കുന്നി ദേവിക്ഷേത്രം വഴി തലോർ റോഡിൽ ചേരുന്ന റോഡ് 12 മീറ്റർ വീതിയിൽ 306 മീറ്റർ നീളത്തിലുമാണു വികസിപ്പിക്കുന്നത്. റോഡിനോടൊപ്പം മൂന്നു ബസ്ബേ കൂടി നിർമിക്കും. ഇതിനുള്ള സ്ഥലംകൂടിയാണ് ഏറ്റെടുക്കുക.
ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, കോർപറേഷൻ സ്ഥിരംസമിതി ചെയർമാൻമാരായ വർഗീസ് കണ്ടംകുളത്തി, കരോളിൻ ജെറീഷ്, ഡിപിസി അംഗം സി.പി. പോളി, എൽഎ ഡെപ്യൂട്ടി കളക്ടർ മനോജ് തുടങ്ങിയവർ പങ്കെടുത്തു.