ക്രൈസ്റ്റ് കോളജിലെ കാര്‍ഷിക ഉദ്യാനത്തിന് അക്ഷയശ്രീ പുരസ്കാരം
1516487
Saturday, February 22, 2025 12:49 AM IST
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന നൂതന സാങ്കേതിക കാര്‍ഷിക ഉദ്യാനത്തിന് (ക്രൈസ്റ്റ് അഗ്രോ ഇന്നോവേഷന്‍ പാര്‍ക്ക്) അക്ഷയശ്രീ പുരസ്കാരം.
ഇന്‍ഫോസിസ് കമ്പനിയുടെ സഹസ്ഥപാകനായ എസ്.ഡി. ഷിബുലാല്‍ മാതാപിതാക്കളുടെ ഓര്‍മയ്ക്കായി രൂപീകരിച്ച സരോജിനി -ദാമോദരന്‍ ഫൗണ്ടേഷന് എന്ന ജീവകാരുണ്യസ്ഥാപനമാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രണ്ടു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. കേരളത്തില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നവരെയും അതില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെയും ആദരിക്കുന്നതിനുവേണ്ടിയാണ് അക്ഷയശ്രീ അവാര്‍ഡ്.
ക്രൈസ്റ്റ് കാമ്പസിനോടുചേര്ന്ന് ആറ് ഏക്കര്‍ ഭൂമിയില്‍ വ്യാപിച്ചുകിടക്കുന്ന ഹരിതാഭമായ ഉദ്യാനത്തിൽ ആധുനികതയും പഴമയും ഇഴചേര്‍ന്നുകിടക്കുന്നു. ഏഴിനം നാടന്‍ പശുക്കള്‍, ഏഴിനം നാടന്‍ ആടുകള്‍, ആറിനം നാടന്‍കോഴികള്‍, നാടന്മുയല്, കഴുതകൾ, കുതിരകൾ, അഞ്ചിനം ഗിനികോഴികള്‍, കളക്കങ്ങള്, പത്തിനം വാട്ടര്‍ ബേര്‍ഡ്സ് എന്നിവയാണ് ഇവിടെ പ്രധാനമായും ഉള്ളത്.
ഇവയെക്കൂടാതെ നാടന്‍ മീനിനങ്ങള്‍, അലങ്കാരമത്സ്യങ്ങള്‍, അലങ്കാരപ്പക്ഷികള്‍ എന്നിവയും പാര്‍ക്കിന്റെ മാറ്റുകൂട്ടുന്നു. കൂണ്, പച്ചക്കറികള്‍, വിവിധയിനം കരിമ്പ്, ഫലങ്ങള്‍ എന്നിവയുടെ ജൈവകൃഷിയും ഇതിനോടനുബന്ധിച്ചു നടത്തിവരുന്നു.
പൊതുജനത്തിനും സ്കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്കും കാര്ഷികപരിശീലനവും ഇവിടെ നല്കിവരുന്നു. ഇവിടെ ഉത്പാദിപ്പിക്കുന്ന കരിമ്പില്‍നിന്നുള്ള ജ്യൂസ് ഉള്‍പ്പെടെ പാര്‍ക്കിലെ ഉത്പന്നങ്ങള്‍ മിതമായ നിരക്കില്‍ കോളജിനുസമീപം പ്രത്യേകം സജ്ജമാക്കിയ സ്ഥലത്തു വില്‍ക്കുന്നുണ്ട്. ശാസ്ത്രീയരീതിയില്‍, നൂറുശതമാനം ജൈവികമായി നടത്തിപ്പോരുന്ന കൃഷിസ്ഥലത്തെ ചാണകം മുതലായ അവശിഷ്ടങ്ങളില്‍നിന്നും വളം ഉത്പാദിപ്പിക്കുകയും വില്‍ക്കുകയും ചെയ്തുവരുന്നു.