ദേശപ്പെരുമയിൽ പെരിങ്ങോട്ടുകര ഉത്സവം ആഘോഷിച്ചു
1516164
Friday, February 21, 2025 1:20 AM IST
പെരിങ്ങോട്ടുകര: ദേശങ്ങളെ ആഹ്ലാദത്തിലാറാടിച്ച് പെരിങ്ങോട്ടുകര സോമശേഖര ക്ഷേത്രത്തിലെ ഉത്സവം ആചാരപ്പെരുമയോടെയും വർണപ്പൊലിമ യോടെയും ആഘോഷിച്ചു. പള്ളിപ്പുറം വൈശാഖിന്റെ മേളം ശീവേലിഎഴുന്നള്ളിപ്പിന് അകമ്പടിയായി.
ഏഴ് ദേശങ്ങളിൽനിന്ന് വിവിധ മേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ എഴുന്നള്ളിപ്പുകൾ ഉച്ചതിരിഞ്ഞ് മൂന്നുമുതൽ ആരംഭിച്ചു.വൈകീട്ട് എട്ടോടെ ക്ഷേത്രമൈതാനത്ത് എത്തിച്ചേർന്ന് കൂട്ടിയെഴുന്നള്ളിപ്പ് നടന്നു.
മൂത്തേടത്തറ ദേശത്തിന്റെ കൊമ്പൻ പുതുപ്പുള്ളി സാധു ഭഗവാന്റെ തിടമ്പേറ്റി. ചാഴൂർ കുറുമ്പിലാവ് ദേശത്തിനായി - പുതുപ്പുള്ളി കേശവനും ആലപ്പാട് പുള്ള് പുറത്തൂർ-ചിറയ്ക്കൽ കാളിദാസനും കിഴക്കുമുറി -മീനാട് വിനായകനും വടക്കുമുറി കുട്ടൻകുളങ്ങര അർജുനനും താന്ന്യം ദേശത്തിനായി-തൃക്കടവൂർ ശിവരാജുവും കിഴുപ്പിള്ളിക്കരയ്ക്കായി ചിറക്കര ശ്രീറാമും അണിനിരന്നു.
പരയ്ക്കാട് തങ്കപ്പൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യത്തിനു ശേഷം കിഴക്കൂട്ട് അനിയൻ മാരാർ പ്രമാണിയായി 101 പേർ അണിനിരക്കുന്ന പാണ്ടിമേളം അരങ്ങേറി.
ഇന്നലെ പുലർച്ചെ ഏഴു ദേശങ്ങളും സംയുക്തമായി കൂട്ടിയെഴുന്നള്ളിപ്പ് നടന്നു. തുടർന്ന് ആറാട്ട്, ആറാട്ട് ഘോഷയാത്ര, ആറാട്ട് കഞ്ഞിവിതര ണം, കൊടിയിറക്കൽ എന്നിവയോടെ ഉത്സവച്ചടങ്ങുകൾ സമാപിച്ചു.