കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നു: വി.എം. സുധീരൻ
1515855
Thursday, February 20, 2025 1:45 AM IST
ഇരവിമംഗലം: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്ന നയവൈകല്യങ്ങൾ മൂലം രാജ്യത്തെ കർഷകർ ആത്മഹത്യയുടെ വക്കിലാണെന്നും ഉൽപ്പാദനചിലവിന് ആനുപാതികമായി കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് വില കിട്ടാത്തതുമൂലം കർഷകർ കൃഷി ഉപേക്ഷിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും മുൻ കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ.
വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ മരണപ്പെടുന്നവരുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാനസർക്കാർ ആവശ്യമായ നിയമ ഭേദഗതികൾ നടത്തണ മെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇരവിമംഗലം പുഴയോരം ഗാർഡൻസിൽ നടന്ന കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റുമാർക്കുള്ള സംസ്ഥാന പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നുകർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മാജൂഷ് മാത്യുസ് അധ്യക്ഷനായി.
ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്, ക്യാമ്പ് ചീഫ് കോ-ഓർഡിനേറ്റർ കെ.എൻ. സജീവൻ, കർഷക കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് രവി പോലുവളപ്പിൽ, പോൾസൺ പോൾ, മിനി വിനോദ്, വി.എം. കുരിയാക്കോസ്, റോയ്. കെ ദേവസി, ഷാജി ചിറ്റിലപ്പിള്ളി തുടങ്ങിയവർ സംസാരിച്ചു.
വിവിധ വിഷയങ്ങളിൽ സീനിയർ ജേർണലിസ്റ്റ് ജോർജ് പൊടിപ്പാറ, കെപിസിസി മീഡിയ സെൽ കോ-ഓർഡിനേറ്റർ രാജു പി. നായർ തുടങ്ങിയവർ ക്ലാസെടുത്തു.