ഹാദിയയുടെ മനസിനു പൊന്നിൻതിളക്കം
1516508
Saturday, February 22, 2025 12:49 AM IST
തൃശൂർ: കളഞ്ഞുകിട്ടിയ ഒന്നരപ്പവൻ തൂക്കമുള്ള സ്വർണപ്പാദസരം തിക്കിനും തിരക്കിനുമിടയിൽ അധ്യാപികയുടെ കൈകളിലേല്പിച്ച വിദ്യാർഥിനിക്ക് അഭിനന്ദനപ്രവാഹം. തൃശൂർ ഹോളിഫാമിലി സ്കൂൾ വിദ്യാർഥി പി.എ. ഹാദിയയാണ് സത്യസന്ധതയ്ക്കു മാതൃകയായത്.
കഴിഞ്ഞദിവസം ഹോളിഫാമിലി ഇംഗ്ലീഷ് മീഡിയം എൽപി സ്കൂളിന്റെ വാർഷികാഘോഷ പരിപാടികൾ നടക്കുമ്പോഴാണ് വെളപ്പായയിൽ താമസിക്കുന്ന തൃശൂർ ഇംഗ്ലീഷ് അക്കാദമി ഡയറക്ടർ തെക്കേപ്പുരയ്ക്കൽ വാസുദേവ് ആറ്റൂരിന്റെ ഭാര്യ സുരഭിയുടെ പാദസരം നഷ്ടപ്പെട്ടത്. പാദസരം നഷ്ടപ്പെട്ട കാര്യം വാർഷികാഘോഷത്തിനിടയ്ക്ക് അനൗൺസ് ചെയ്തിരുന്നു. തിരക്കിനിടെ കോണിപ്പടിക്കു താഴെ കിടക്കുന്ന പാദസരം ഹാദിയയുടെ ശ്രദ്ധയിൽപ്പെട്ടു. ഉടനേ അതെടുത്ത് അവിടെയുണ്ടായിരുന്ന ടീച്ചറെ ഏല്പിച്ചു. ടീച്ചർ പാദസരം പ്രധാനാധ്യാപിക സിസ്റ്റർ ഗ്ലോറിക്കു കൈമാറുകയും സിസ്റ്റർ സുരഭിക്കു തിരിച്ചുനൽകുകയും ചെയ്തു. എന്നാൽ ആരാണ് പാദസരം കണ്ടുപിടിച്ചു കൊടുത്തതെന്ന് ആർക്കും മനസിലായില്ല.
അടുത്ത ദിവസം സിസ്റ്റർ ഗ്ലോറി ഇക്കാര്യം സ്കൂളിൽ അനൗൺസ് ചെയ്യുകയും പാദസരം കണ്ടുപിടിച്ച് തിരിച്ചുകൊടുത്തതു ഹാദിയയാണെന്നു തിരിച്ചറിയുകയുമായിരുന്നു. ഹാദിയയെ വാസുദേവും കുടുംബവും ഉപഹാരങ്ങളുമായി സ്കൂളിലെത്തി ആദരിച്ചു. തൃശൂർ ട്രാഫിക് എസ്ഐ ബോബി ചാണ്ടി ഹാദിയയ്ക്ക് ഉപഹാരങ്ങൾ കൈമാറി. സിസ്റ്റർ ഗ്ലോറി, പിടിഎ പ്രസിഡന്റ് രാജൻ അറയ്ക്കൽ എന്നിവരും ഹാദിയയെ അനുമോദിച്ചു.
ഹാദിയയുടെ രണ്ടു സഹോദരങ്ങളും ഹോളിഫാമിലിയിൽതന്നെയാണ് പഠിക്കുന്നത്.