ഗുരുഡ ശില്പം മഞ്ജുളാലിൽ സ്ഥാപിച്ചു ; നവീകരണം അവസാനഘട്ടത്തിൽ; മാർച്ച് ഒന്നിന് നാടിന് സമർപ്പിക്കും
1516486
Saturday, February 22, 2025 12:49 AM IST
ഗുരുവായൂർ: ഗുരുവായൂരിന്റെ മുഖമുദ്രയായ മഞ്ജുളാലിന്റെ നവീകരണം അവസാന ഘട്ടത്തിൽ. പുതിയതായി നിർമിച്ച ഗുരുഡ ശില്പം മഞ്ജുളാലിൽ സ്ഥാപിച്ചു.
ഇന്നലെ രാവിലെയാണ് ക്രെയിൻ ഉപയോഗിച്ച് ശില്പം മഞ്ജുളാലിന് കിഴക്ക് ഭാഗത്ത് സ്ഥാപിച്ചത്. കളിമണ്ണിൽ നിർമിച്ച് വെങ്കലം പൊതിഞ്ഞതാണ് ഗരുഡ ശില്പം.
എട്ട് അടി നീളവും 16 അടി വീതിയുമുണ്ട്. കണ്ണൂർ സ്വദേശി ഉണ്ണി കാനായിയുടെ നേതൃത്വത്തിലാണ് ശില്പം തയാറാക്കിയത്. 1968ൽ കോയമ്പത്തൂർ സ്വദേശി കൃഷ്ണൻ നിർമിച്ച ഗരുഡ ശില്പം മാറ്റിയാണ് പുതിയത് നിർമിച്ചത്. മഞ്ജുളാലിന്റെ തറ കരങ്കല്ലുപയോഗിച്ച് പുതുക്കി പണിയുന്നതും അവസാനഘട്ടത്തിലാണ്.സംസ്ഥാനത്തിനു പുറത്തുനിന്ന് കൊണ്ടുവരുന്ന 12 അടി വലിപ്പമുള്ള ആൽമരവും നട്ടുപടിപ്പിക്കുന്നുണ്ട്.നിലവിലെ ആൽമരം കാലപ്പഴക്കംമൂലം ജീർണാവസ്ഥയിലാണ്.
ആലിന്റെ പടിഞ്ഞാറ് ഭാഗത്ത് കുചേലന്റെ ശില്പവും സ്ഥാപിക്കുന്നുണ്ട്. പറവൂർ സ്വദേശിയായ ഭക്തന്റെ വഴിപാടായാണ് മഞ്ജുളാൽ നവീകരണം നടക്കുന്നത്. പണികൾ പൂർത്തീകരിച്ച് മാർച്ച് ഒന്നിന് സമർപ്പണം നടത്താനാണ് ഉദ്ദേശിക്കുന്നത്.