ഇറ്റ്ഫോക് 2025: സംഘാടകസമിതി രൂപീകരിച്ചു
1515721
Wednesday, February 19, 2025 7:07 AM IST
തൃശൂർ: രാജ്യാന്തരശ്രദ്ധ നേടിയ കേരളത്തിന്റെ ഉത്സവമെന്നതിനൊപ്പം തൃശൂരിലെത്തുന്ന കലാസ്വാദകർക്കു മികച്ച ഓർമകൾ സമ്മാനിക്കുന്ന ആഘോഷംകൂടിയാണ് ഇറ്റ്ഫോക്ക് എന്നു ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ. പതിനഞ്ചാമത് അന്താരാഷ്ട്ര നാടകോത്സവം ഇറ്റ്ഫോക് 2025ന്റെ സംഘാടകസമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വയനാട് ഉരുൾപൊട്ടൽമൂലമുണ്ടായ സാന്പത്തിക പ്രതിസന്ധി മറികടന്നു പ്രതീക്ഷയോടെയാണ് നാടകോത്സവം രംഗത്തെത്തുന്നതെന്നും ഇറാക്ക് പോലുള്ള രാജ്യങ്ങളിൽനിന്നുള്ള കലാകാരൻമാരുടെ വരവിനു തടസങ്ങൾ നീക്കാനുള്ള പ്രവർത്തനങ്ങളിലാണെന്നും സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി പറഞ്ഞു. 23ന് വൈകീട്ടു 4.30ന് നാടകോത്സവം സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.
പി. ബാലചന്ദ്രൻ എംഎൽഎ, സിനിമാതാരം നാസർ, മന്ത്രിമാരായ കെ. രാജൻ, ആർ. ബിന്ദു എന്നിവർ പങ്കെടുക്കും. തൃശൂർ കേന്ദ്രകലാസമിതി സെക്രട്ടറി അഡ്വ. പ്രേം പ്രസാദ്, സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ, കേരള സംഗീതനാടക അക്കാദമി മുൻ സെക്രട്ടറി ഡോ. പ്രഭാകരൻ പഴശി, ചെന്പുക്കാവ് ഡിവിഷൻ കൗണ്‍സിലർ റെജി ജോയ്, അക്കാദമി പ്രോഗ്രാം ഓഫീസർ വി.കെ. അനിൽകുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എം.ബി. ശുഭ എന്നിവർ സംസാരിച്ചു.