പാലയൂർ മഹാതീർഥാടനത്തിന് ഒരുക്കം; സ്വാഗതസംഘം ഓഫീസ് തുറന്നു
1515714
Wednesday, February 19, 2025 7:06 AM IST
തൃശൂർ: പാലയൂർ പള്ളിയിലേക്കു തൃശൂർ അതിരൂപത നടത്തുന്ന 28-ാമത് പാലയൂർ മഹാതീർഥാടനം ഏപ്രിൽ ആറിനു നടക്കും. ഇതിന്റെ ഭാഗമായി വിവിധ കമ്മിറ്റികൾ രൂപീകരിച്ചു പ്രവർത്തനമാരംഭിച്ചു. സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് നിർവഹിച്ചു.
ഏപ്രിൽ ആറിനു പുലർച്ചെ നാലിനു ലൂർദ് കത്തീഡ്രലിൽ വിശുദ്ധ കുർബാനയ്ക്കുശേഷം അഞ്ചിനു മഹാതീർത്ഥാടനത്തിന്റെ മുഖ്യപദയാത്രയുടെ ഉദ്ഘാടനം മാർ ആൻഡ്രൂസ് താഴത്ത് കത്തീഡ്രൽ വികാരി ഫാ. ജോസ് വല്ലൂരാനു പേപ്പൽ പതാക കൈമാറി നിർവഹിക്കും. രാവിലെ 11നു മുഖ്യപദയാത്ര പാലയൂർ തീർഥകേന്ദ്രത്തിൽ സമാപിക്കും.
ചേലക്കര - എരുമപ്പെട്ടി, വടക്കാഞ്ചേരി, കൊട്ടേക്കാട്, വേലൂർ, മറ്റം, പഴുവിൽ, കണ്ടശാങ്കടവ്, വലപ്പാട് തീരദേശം, നിർമലപുരം, ചാവക്കാട് കടപ്പുറം മേഖലകളിൽനിന്നുള്ള പദയാത്രകൾ രാവിലെ 11നു പാലയൂരിൽ എത്തും.
രണ്ടാംഘട്ട പദയാത്ര പാവറട്ടി സെന്റ് ജോസഫ് തീർഥകേന്ദ്രത്തിൽ രണ്ടിനു നടക്കുന്ന വിശുദ്ധ കുർബാനയ്ക്കുശേഷം മൂന്നിന് ആരംഭിക്കും. നാലിനു പാലയൂർ തീർഥകേന്ദ്രത്തിൽ സമാപിക്കും. തുടർന്നു നടക്കുന്ന പൊതുസമ്മേളനത്തിൽ മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിക്കും.
അന്പതുനോമ്പിലെ എല്ലാ വെള്ളിയാഴ്ചകളിലും രാത്രി ഒമ്പതിനു തൃശൂർ പുത്തൻപള്ളി ബസിലിക്കയിൽനിന്ന് ആരംഭിക്കുന്ന ജാഗരണപദയാത്ര പാലയൂരിലെത്തി വിശുദ്ധ കുർബാനയോടെ സമാപിക്കും.