ഉദ്ഘാടനം കഴിഞ്ഞ് വർഷം ഒന്ന്; ഇരിങ്ങാലക്കുട ഷീ ലോഡ്ജ് ഇന്നും അടഞ്ഞുതന്നെ
1515704
Wednesday, February 19, 2025 7:06 AM IST
ഇരിങ്ങാലക്കുട: നഗരത്തിലെത്തുന്ന സ്ത്രീകളുടെ സുരക്ഷ മുൻനിർത്തി അവർക്കു മാത്രമായി താമസസൗകര്യം ഒരുക്കുന്നതിനായി നഗരസഭ ഒരുക്കിയ ഷീ ലോഡ്ജ് ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞിട്ടും പ്രവർത്തനസജ്ജമായില്ല.
അടച്ചിട്ട കെട്ടിടത്തിനു മുന്പിൽ പുല്ലുവളർന്നു തുടങ്ങി. മുനിസിപ്പൽ മൈതാനത്തിനു പടിഞ്ഞാറ് 2.20 കോടി രൂപ ചെലവഴിച്ചാണു നഗരസഭ ഷീ ലോഡ്ജ് ഒരുക്കിയത്. കെട്ടിടനിർമാണച്ചട്ടങ്ങൾ പാലിക്കാതെയും കംപ്ലീഷൻ സർട്ടിഫിക്കറ്റ് ഇല്ലാതെയുമാണ് അന്ന് ഉദ്ഘാടനം നടത്തിയതെന്ന ആരോപണമുണ്ടായിരുന്നു. 2024 ഫെബ്രുവരി 20നു മന്ത്രി ഡോ. ആർ. ബിന്ദുവാണ് ഉദ്ഘാടനം ചെയ്തത്.
രണ്ടു നിലകളിലായി അറ്റാച്ച്ഡ് ബാത്ത്റൂം സൗകര്യമുള്ള 20 മുറികളാണ് ഇവിടെയുള്ളത്. ഇതിൽ മൂന്നു കിടക്കകളുള്ള രണ്ടു റൂമും, രണ്ടു കിടക്കകളുള്ള 18 റൂമുകളുമാണ് ഉള്ളത്. 1034 ചതുരശ്രമീറ്റർ വിസ്തീർണമുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിൽ 320 ചതുരശ്ര അടി വിസ്തീർണമുള്ള നാലു കടമുറികളുണ്ട്. അടുക്കള, ഡൈനിംഗ് ഹാൾ, റീഡിംഗ് റൂം, വെയ്റ്റിംഗ് റൂം, പാർക്കിംഗ് സൗകര്യങ്ങളുമുണ്ട്. മതിയായ പാർക്കിംഗ് സൗകര്യം ഇല്ലാതെയും തോട് പുറന്പോക്ക് കൈയേറിയുമാണ് കെട്ടിടം നിർമിച്ചതെന്ന് ആക്ഷേപമുണ്ടായിരുന്നു. അനിവാര്യമായി വേണ്ട ഫയർ ആൻഡ് സേഫ്റ്റി മാനദണ്ഡങ്ങൾ ഇല്ലെന്നും ആരോപണം ഉയർന്നിരുന്നു.
ഉടൻ തുറന്നുനൽകുമെന്ന് നഗരസഭാ ചെയർപേഴ്സണ്
ഷീ ലോഡ്ജ് ഉടൻ തുറന്നുനൽകുമെന്ന് നഗരസഭാ ചെയർപേഴ്സണ് മേരിക്കുട്ടി ജോയ് പറഞ്ഞു. കെട്ടിടത്തിന്റെ ടെൻഡർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. കെട്ടിടത്തിനുള്ള ഫയർ ആൻഡ് സേഫ്റ്റി പ്രവൃത്തികളാണു ശേഷിക്കുന്നത്. ഈ ആഴ്ചതന്നെ ഫയർ ആൻഡ് സേഫ്റ്റി എൻസി സർട്ടിഫിക്കറ്റ് ലഭ്യമാകും. നഗരസഭ വാട്ടർ അഥോറിറ്റിക്കു പണമടച്ചതോടെ കെട്ടിടത്തിലേക്കുള്ള കുടിവെള്ള കണക്്ഷൻ ലഭ്യമായിട്ടുണ്ട്. വൈദ്യുതി കണക്്ഷനും ലഭിച്ചിട്ടുണ്ടെന്ന് മേരിക്കുട്ടി ജോയ് പറഞ്ഞു.