റെയിൽവേ അവഗണന: കൂട്ടായ പ്രക്ഷോഭം അനിവാര്യമെന്ന് തോമസ് ഉണ്ണിയാടൻ
1515698
Wednesday, February 19, 2025 7:06 AM IST
കല്ലേറ്റുംകര: അനേക വർഷങ്ങളുടെ പാരന്പര്യവും 16 ലക്ഷത്തോളം യാത്രക്കാരും ആറു കോടിയോളം രൂപ വാർഷിക വരുമാനവുമുള്ള ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ കടുത്ത അവഗണനയിലാണെന്നും റെയിൽവേയുടെയും കേന്ദ്രസർക്കാരിന്റെയും കണ്ണുതുറപ്പിക്കാൻ തുടർച്ചയായ കൂട്ടായ പ്രക്ഷോഭം അനിവാര്യമാണെന്നും കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ. തോമസ് ഉണ്ണിയാടൻ. റെയിൽവേ അവഗണനയ്ക്കെതിരേ കേരള കോണ്‍ഗ്രസ് ആളൂർ മണ്ഡലം കമ്മിറ്റി റെയിൽവേ സ്റ്റേഷനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇരിങ്ങലക്കുടയിൽ പുതിയ സ്റ്റോപ്പുകൾ അനുവദിക്കുന്നില്ലെന്നു മാത്രമല്ല നിലവിലുള്ള അഞ്ച് ട്രെയിനുകളുടെ സ്റ്റോപ്പുകൾ നിർത്തലാക്കിയിരിക്കുന്നു. സ്റ്റേഷനുള്ളിൽ വിശ്രമമുറിയോ ബാത്റൂമോ കാന്റീനോ ഇരിപ്പിടങ്ങളോ മേൽക്കൂരയോ ലൈറ്റുകളോ വാഹനപാർക്കിംഗ് ഏരിയയോ ഇല്ല. ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനോടുള്ള അവഗണനയ്ക്കെതിരെ തുടർസമരങ്ങൾക്കു പാർട്ടി രൂപം നൽകുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
ആളൂർ മണ്ഡലം പ്രസിഡന്റ് ഡെന്നിസ് കണ്ണംകുന്നി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരൻ, ജില്ലാ ജനറൽ സെക്രട്ടറി സേതുമാധവൻ, ജോസ് അരിക്കാട്ട്, ജോബി മംഗലൻ, എൻ.കെ. കൊച്ചുവാറു, നൈജു ജോസഫ്, ഷീല ഡേവിസ്, നെൽസണ്‍ മാവേലി, ഷോളി അരിക്കാട്ട്, ബാബു വർഗീസ് എന്നിവർ പ്രസംഗിച്ചു.