സഹോദരങ്ങൾ ഒന്നിച്ച് ബലിവേദിയിലേക്ക്
1489127
Sunday, December 22, 2024 6:20 AM IST
പുത്തൂർ: വെട്ടുകാട് സെന്റ് ജോസഫ് ഇടവകയിൽ സഹോദരങ്ങൾ ഒന്നിച്ചു തിരുപ്പട്ടം സ്വീകരിച്ച് പ്രഥമദിവ്യബലിയർപ്പിക്കുന്നു.
ചെറുതാണിക്കൽ തോമസ് - വത്സ ദമ്പതികളുടെ മൂന്നു മക്കളിൽ രണ്ടുപേരാണ് സമർപ്പിതജീവിതത്തിലേക്കു കടക്കുന്നത്; പ്രിൻസും ഫ്രാങ്കോ ഫ്രോണിസും. 28 നു ഉച്ചകഴിഞ്ഞു രണ്ടിനു നടക്കുന്ന തിരുപ്പട്ടശുശ്രൂഷയിൽ മാർ ടോണി നീലങ്കാവിൽ കാർമികത്വം വഹിക്കും.
"കുഞ്ഞുനാളിലേ അച്ചാച്ചന്റെ (അമ്മയുടെ അപ്പന്) കൈയിൽ തൂങ്ങിയാണ് പള്ളിയിൽ പോയി രുന്നത്. പിന്നെ പിന്നെ വൈദികനാകണമെന്ന മോഹമുദിച്ചു. അപ്പോഴാണ് ഫാ. വർഗീസ് എടക്കളത്തൂർ വികാരിയായെത്തിയത്. അച്ചന്റെ പ്രോത്സാഹനമാണ് എന്നെ സെമിനാരിയിലെത്തിച്ചത്. പിറ്റേവർഷം അനുജനും ചേർന്നു.'- ഡീക്കൻ പ്രിൻസ് തങ്ങളുടെ ദൈവവിളിയെക്കുറിച്ച് വിശദമാക്കി.
എസ്എസ്എൽസി പഠനത്തിനുശേഷം 2011ൽ പ്രിൻസും തൊട്ടടുത്ത വർഷം ഫ്രാങ്കോയും മൈനർ സെമിനാരിയിൽ ചേർന്നു. 2021 മേയ് എട്ടിന് ഇരുവരും ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തിൽനിന്നു വൈദികവസ്ത്രം സ്വീകരിച്ചു.
ഇരുവരും മുളയം മേരിമാത മേജർ സെമിനാരിയിലായിരുന്നു ഫിലോസഫി പഠനമെങ്കിലും ഫ്രാങ്കോയുടെ ദൈവശാസ്ത്രപഠനം കോട്ടയം വടവാതൂർ സെമിനാരിയിലായിരുന്നു. ഇവരുടെ അനുജൻ ആന്റോ ആൽബിൻസ് മെഷിനിസ്റ്റായി ബംഗളൂരുവിൽ ജോലിചെയ്യുന്നു.