തൃപ്രയാർ കോൺഗ്രസ് മാർച്ചിൽ സംഘർഷം: പോലീസ് ജലപീരങ്കി പ്രയോഗിച്ചു
1488676
Friday, December 20, 2024 7:47 AM IST
തൃപ്രയാർ: ഭൂരിപക്ഷം നഷ്ടപ്പെട്ട നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നാട്ടിക ബ്ലോക്ക് കമ്മിറ്റി നടത്തിയ നാട്ടിക പഞ്ചായത്ത് ഓഫീസ് മാർച്ചിൽ സംഘർഷം.
ബാരിക്കേഡ് തള്ളി മാറ്റാൻ പ്രവർത്തകർ ശ്രമിച്ചതോടെ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ ഒട്ടേറെ പ്രവർത്തകർ നിലത്തുവീണു. ഏതാനും പേർക്കു പരിക്കേറ്റു. തുടർച്ചയായുള്ള ജലപീരങ്കി സ്ത്രീകൾക്കുനേരെ പ്രയോഗിച്ചപ്പോഴാണു പ്രവർത്തകർ പ്രകോപിതരായത്. തുടർന്ന് പ്രവർത്തകർ പോലീസ് വാഹനത്തിനുനേരെ ആക്രമണം നടത്തി.
രണ്ടുമണിക്കൂറോളം പ്രവർത്തകർ മുദ്രാവാക്യം വിളിയുമായി ഓഫീസിനു മുൻപിൽ തുടർന്നു. പ്രകോപിതരായ പ്രവർത്തകരെ പാർട്ടി നേതാക്കൾ ഇടപെട്ട് സമാധാനിപ്പിച്ചു. കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ. രാജുവിന്റെ നേതൃത്വത്തിൽ പോലീസ് പ്രവർത്തകരെ അറസ്റ്റു ചെയ്തു നീക്കി.
കെപിസിസി വർക്കിംഗ് പ്രസി ഡന്റ് ടി.എൻ. പ്രതാപൻ മാർച്ച് ഉദ്ഘാടനം ചെയ്തു. കേവല ഭൂരിപക്ഷം നഷ്ടപ്പെട്ട സിപിഎം നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് സ്ഥാനം രാജിവയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നാട്ടിക ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് യുഡിഎഫ് സ്ഥാനാർഥി പി. വിനു വിജയിച്ചപതോടെ നിലവിലെ 14 അംഗഭരണസമിതിയിൽ യു ഡിഎഫിന് ആറും എൽഡി എഫിന് അഞ്ചും അംഗങ്ങളാണുള്ളത്. ജനാധിപത്യത്തിൽ ആറാണോ അഞ്ചാണോ വലുതെന്ന് സിപിഎം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നാട്ടിക ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്് പി.ഐ. ഷൗക്കത്തലി അധ്യക്ഷനായി. ഡിസി സി ജനറൽ സെക്രട്ടറിമാരായ അനിൽ പുളിക്കൽ, നൗഷാദ് ആറ്റുപറമ്പത്ത്, വി. ആർ. വിജയൻ, കെ. ദിലീപ്കുമാർ, സി.എം. നൗഷാദ്, സുനിൽ ലാലൂർ, പി.വിനു, ഹീറോഷ് ത്രിവേണി, പി.എം. സിദ്ദിഖ് എന്നിവർ പ്രസംഗിച്ചു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ പി.എസ്. സുൽഫിക്കർ, കെ.ബി. രാജീവ്, പി.എസ്. സന്തോഷ്, കെ. കെ. ചന്ദ്രൻ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികൾ എന്നിവർ നേൃത്വം നൽകി.