ആന എഴുന്നള്ളത്ത്: ദേവസ്വങ്ങൾക്ക് ആശ്വാസമായി സുപ്രീം കോടതി ഉത്തരവ്
1488677
Friday, December 20, 2024 7:48 AM IST
സ്വന്തം ലേഖകൻ
തൃശൂർ: ആനയെഴുന്നള്ളിപ്പിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഹൈക്കോടതി നിർദേശങ്ങൾ സ്റ്റേ ചെയ്ത സുപ്രീകോടതി നടപടിയിൽ ദേവസ്വങ്ങൾക്ക് ആശ്വാസം. പാറമേക്കാവ്, തിരുവന്പാടി ദേവസ്വങ്ങൾ സമർപ്പിച്ച ഹർജയിലാണ് ജസ്റ്റിസുമാരായ ബി.വി. നാഗരത്നയും എൻ.കെ. സിംഗും ഉൾപ്പെട്ട ബെഞ്ച് സ്റ്റേ അനുവദിച്ചത്. വിധിക്കുപിന്നാലെ ആഹ്ലാദപ്രകടനവുമായി പൂരപ്രേമിസംഘവും രംഗത്തെത്തി.
പൂരം, വേല, പെരുന്നാൾ ആഘോഷിക്കുന്നവർക്കെല്ലാം ആശ്വാസമാണ് കോടതിവിധിയെന്നും വേട്ടയാടി കേസെടുക്കുന്ന സമീപനമായിരുന്നു ഇതുവരെയെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് പറഞ്ഞു. സംഘാടകർക്കു സമാധാനത്തോ ടെ പരിപാടികൾ നടത്താമെന്നും അദ്ദേഹം തൃശൂരിൽ മാധ്യമങ്ങളോടു പ്രതികരിച്ചു. മാർഗനിർദേശങ്ങൾ പാലിച്ചാണ് ഇതുവരെ പൂരം നടത്തിയത്. ഇനിയും തുടരും. തൃപ്പൂണിത്തുറ ഉത്സവം, ഗുരുവായൂർ ഏകാദശി എന്നിവ സങ്കടത്തോടെയാണ് ഭക്തർ കണ്ടത്. തൃപ്പൂണിത്തുറ ഉത്സവം അലങ്കോലപ്പെട്ടു. ഗുരുവായൂർ ഏകാദശിക്ക് അകന്പടി ആനകളുണ്ടായില്ല. ഇതു മോശമായി. സർക്കാർ അനുകൂലനിലപാടാണ് എടുത്തതെന്നും രാജേഷ് പറഞ്ഞു.
എൻജിഒകളുടെ ഇടപെടൽ ഒഴിവാക്കാൻ കേന്ദ്രസർക്കാർ ബില്ല് കൊണ്ടുവരണം. ആചാരാനുഷ്ഠാനങ്ങളിൽ ഇടപെടില്ല എന്നതാണു സുപ്രീംകോടതി നിലപാട്. തൃശൂർ പൂരം 228 വർഷമായും ആറാട്ടുപുഴ പൂരം 1443 വർഷവുമായി നടത്തുന്ന ആഘോഷമാണ്. എവിടെയും ആനയോടി അപകടമുണ്ടായതായി കേട്ടിട്ടില്ല. ആനകളെ നന്നായി പരിപാലിക്കുമെന്നതിൽ സംശയമില്ല.
ജനുവരി മൂന്നിനു പാറമേക്കാവിലെയും അഞ്ചിനു തിരുവന്പാടിയിലെയും വേല പൂർവാധികം ഭംഗിയായി നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന- കേന്ദ്ര സർക്കാരുകൾ കോടതിവിധി ചെവിക്കൊള്ളണമെന്നു തിരുവന്പാടി ദേവസ്വം ജോയിന്റ് സെക്രട്ടറി പി. ശശിധരൻ പറഞ്ഞു. ഗുരുവായൂർ, കൊച്ചിൻ ദേവസ്വം ബോർഡുകൾ എടുത്ത തീരുമാനം വിഷമമുള്ളതാണ്. ഗുരുവായൂരിൽ അന്പതോളം ആനകളുണ്ട്. എന്നിട്ടും ആചാരം നിലനിർത്തി ഒരാനപ്പുറത്താണ് ഉത്സവം നടത്തിയത്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ സർക്കുലർ ലഭിച്ചു. അതിനെയെല്ലാം മറികടക്കുന്നതാണ് കോടതിവിധി. ഗുരുവായൂർ, കൊച്ചി, തിരുവിതാംകൂർ, മലബാർ ദേവസ്വം ബോർഡുകൾ ഒന്നിച്ചായിരുന്നു കോടതിയെ സമീപിക്കേണ്ടിയിരുന്നത്. ഇവരാരും പ്രതികരിച്ചില്ലെന്നതു തെറ്റായെന്നും ശശിധരൻ പറഞ്ഞു.
ഹൈക്കോടതിവിധിയിൽ സന്തോഷമുണ്ടെന്നും ഇതു പൂരപ്രേമികളുടെ വിജയമാണെന്നും തിരുവന്പാടി ദേവസ്വം സെക്രട്ടറി ഗിരീഷ് കുമാർ പറഞ്ഞു. വാദ്യകലാകാരൻമാർമുതൽ ബലൂണ് കച്ചവടക്കാരെവരെ ബാധിക്കുന്ന പ്രശ്നമായിരുന്നൂ ഇത്. ഉത്സവങ്ങളും വേലയും പൂരവും നടക്കണം.
എല്ലാവരും ഒന്നിച്ചുനിന്നതിൽ നന്ദിയുണ്ട്. കപടമൃഗസ്നേഹികൾക്ക് ഇതു പാഠമാകണം. സന്നദ്ധസംഘടനകളുടെ വരുമാനസ്രോതസിനെക്കുറിച്ചു സിബിഐ അന്വേഷിക്കണം. സർക്കാരിന്റെ കീഴിലുള്ളതാണ് കൊച്ചിൻ, ഗുരുവായൂർ, മലബാർ ദേവസ്വങ്ങൾ. മനസുകൊണ്ട് അവർ നമ്മുടെകൂടെയായിരുന്നു. ഗുരുവായൂർ ദേവസ്വം ബോർഡ് ചട്ടക്കൂടിൽ നിൽക്കുന്നവരാണ്. ആനകളെ പ്രദർശിപ്പിക്കുന്നതല്ല, ഇതൊരു എഴുന്നള്ളിപ്പാണ്. ഒരു പ്രൗഢിയാണ്. ഹൈക്കോടതി തീരുമാനം തെറ്റായിരുന്നെന്നും ഗിരീഷ്കുമാർ പറഞ്ഞു.
പൂരപ്രേമിസംഘം ആഹ്ലാദപ്രകടനം നടത്തി
തൃശൂർ: സുപ്രീംകോടതിവിധിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് പൂരപ്രേമിസംഘത്തിന്റെ നേതൃത്വത്തിൽ നഗരത്തിൽ ജാഥ നടത്തി.
നെറ്റിപ്പട്ടങ്ങളും വർണക്കുടകളും അണിനിരന്ന പ്രകടനത്തിനു മേളപ്രമാണി കിഴക്കൂട്ട് അനിയൻമാരാർ, ബൈജു താഴേക്കാട്ട്, വിനോദ് കണ്ടേങ്കാവിൽ എന്നിവർ നേതൃത്വം നൽകി. കോടതിവിധി പ്രാർഥനകൾക്കുള്ള അംഗീകാരമാണെന്ന് അനിയൻമാരാർ പറഞ്ഞു.
വിവിധ ഉത്സവനടത്തിപ്പുകാർ ദേശങ്ങളിൽ വിധിയെ സ്വാഗതംചെയ്ത് പ്രാർഥനായോഗങ്ങൾ നടത്തി. കോടതിവിധി വിശ്വാസിസമൂഹത്തിന് ആശ്വാസകരമാണെന്നും ആനയെഴുന്നളളിപ്പിന്റെ പേരിൽ പലയിടത്തും പോലീസ് എടുത്ത കേസുകൾ പിൻവലിക്കണമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധാകരൻ ആവശ്യപ്പെട്ടു.