വർണവൈവിധ്യങ്ങളുടെ ക്രിസ്മസ് കാലം
1488675
Friday, December 20, 2024 7:47 AM IST
സി.ജി. ജിജാസൽ
തൃശൂർ: കാലമെത്ര കഴിഞ്ഞാലും ക്രിസ്മസ് ബോളിന്റെ ഡിമാൻഡിന് ഒട്ടും കുറവു വരില്ലെന്നു തെളിയിച്ചിരിക്കുകയാണ് ഈ ക്രിസ്മസ് കാലവും. പച്ചയും ചുവപ്പും നീലയും മഞ്ഞയും അടക്കം വർണവൈവിധ്യങ്ങളായ കുഞ്ഞൻബോളുകൾ മുതൽ ചില്ലുകൾ കോർത്തിണക്കിയുള്ള ഷെൽ ബോൾവരെ വിപണി കീഴടക്കുകയാണ്.
ബോളുകളടക്കം അലങ്കാരവസ്തുക്കളുടെ വിപുലമായ ശേഖരമാണ് ക്രിസ്മസ് വിപണിയെ കളർഫുൾ ആക്കുന്നത്. സംസ്ഥാനത്തിന് അകത്തുനിന്നും പുറത്തുനിന്നും കൊണ്ടുവരുന്ന അലങ്കാരവസ്തുക്കൾക്ക് ആവശ്യക്കാരും ഏറെയാണ്.
ചുരുങ്ങിയ തുകയ്ക്കു കൂടുതൽ മൂല്യംനൽകാൻ കഴിയുന്ന ഉത്പന്നങ്ങളാണ് ഓരോ ഇടങ്ങളിലും വില്പനയ്ക്കായി എത്തിച്ചിരിക്കുന്നത്. ഇവയിൽ ക്രിസ്മസ് ബോൾ കഴിഞ്ഞാൽ ഏറ്റവും ഡിമാൻഡുള്ളത് പച്ചനിറത്തിലുള്ള മാലകൾക്കാണ്. പുൽക്കൂടിന് അലങ്കാരം പകരാനും ക്രിസ്മസ് ട്രീയാക്കി മാറ്റാനുമൊക്കെ മാലകൾ വാങ്ങിക്കൂട്ടുന്നു. 10 രൂപമുതലാണ് വില. മൾട്ടികളർ മാലകളും ഇതേവിലയിൽ ലഭ്യമാണ്.
20 രൂപ മുതലാണ് ബോളുകൾക്കു വില. ആറെണ്ണം മുതൽ 20 എണ്ണം വരെയുള്ള ബോൾ സെറ്റിന് 200 രൂപവരെയാണ് വില. സിൽവർ ബോൾ ഒരു ഡസനടങ്ങുന്ന പായ്ക്കറ്റിനു 90 രൂപ. അലങ്കാരത്തിനായി തൂക്കുന്ന ഫുട്ബോളിന്റെ വലിപ്പമുള്ള ഷെൽ ബോളിനു വില 1200 ആണെങ്കിലും ആവശ്യക്കാരേറെയാണ്. 120 രൂപ മുതലുള്ള മെറ്റൽ ബോളുകൾക്കും ഡിമാൻഡുണ്ട്.
10 രൂപ മുതൽ 130 രൂപവരെയാണ് ക്രിസ്മസ് തൊപ്പികൾക്കു വില. സാന്താക്ലോസിന്റെ വസ്ത്രങ്ങൾക്കു 120 മുതൽ 254 രൂപവരെയുണ്ട്. രണ്ടുവയസുള്ള കുട്ടികൾക്കുമുതൽ മുതിർന്നവർക്കുവരെ ഉപയോഗിക്കാൻ കഴിയുന്ന ട്രീ ഡ്രസുകൾക്ക് 600 രൂപ മുതലാണ് വില.
ബ്യൂഗിൾ 10 - 20 രൂപ, അലങ്കാര റീത്തുകൾ 50 - 2650 രൂപ, അലങ്കാര മണികൾ 30 - 1650 രൂപവരെയുമാണ് വില. തെർമോക്കോൾ സ്റ്റാറുകൾ, കുഞ്ഞൻ സാന്താകൾ, ബെല്ലുകൾ, അലങ്കരിക്കാവുന്ന ക്രിസ്മസ് ഗിഫ്റ്റ് ബോക്സുകൾ, തോരണങ്ങളടക്കം വർണവൈവിധ്യങ്ങളുടെ കലവറയായി മാറിയിരിക്കുകയാണ് ക്രിസ്മസ് വിപണി.