സപ്ലൈകോ ക്രിസ്മസ് ഫെയർ തുടങ്ങി
1489117
Sunday, December 22, 2024 6:20 AM IST
തൃശൂർ: സപ്ലൈകോയുടെ ഈ വർഷത്തെ ക്രിസ്മസ് ഫെയർ തെക്കേ ഗോപുരനടയിൽ മന്ത്രി കെ. രാജൻ ഉദ്ഘാടനംചെയ്തു.
പി. ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ എം.എൽ. റോസി ആദ്യ വില്പന നടത്തി. സപ്ലൈകോ പാലക്കാട് മേഖല മാനേജർ ടി.ജെ. ആശ, ജില്ലാ സപ്ലൈകോ ഓഫീസ് സീനിയർ സൂപ്രണ്ട് ബേബി സിറാജ് എന്നിവർ പ്രസംഗിച്ചു.സബ്സിഡി സാധനങ്ങൾക്ക് പുറമേ, ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ചു മുതൽ 30 ശതമാനം വരെ വിലക്കുറവാണ് നൽകുക. സപ്ലൈകോയുടെ സ്വന്തം ബ്രാൻഡായ ശബരി ഉത്പന്നങ്ങൾക്കും പ്രത്യേക വിലക്കുറവ് നല്കും.
ജില്ലാ ഫെയറുകളിലും സൂപ്പർ മാർക്കറ്റുകളിലും 30 വരെ ഉച്ച കഴിഞ്ഞ് രണ്ടര മുതൽ നാലുവരെ ഫ്ലാഷ് സെയിൽ നടത്തും. സബ്സിഡിയിതര ഉല്പന്നങ്ങൾക്ക് നിലവിൽ നൽകുന്ന ഓഫറിനേക്കാൾ 10 ശതമാനം വരെ അധിക വിലക്കുറവ് ഈ സമയത്ത് ലഭ്യമാകും.