മുളയിലൊരുക്കും പുൽക്കൂടുകൾ ഇവർക്കു പ്രതീക്ഷയുടെ പൊൻകിരണങ്ങൾ
1488929
Saturday, December 21, 2024 6:51 AM IST
സി.ജി. ജിജാസൽ
തൃശൂർ: നാടുമുഴുവൻ ക്രിസ്മസ് ആഘോഷത്തിരക്കിലേക്കു നീങ്ങുന്പോഴും രാപകൽ ഭേദമില്ലാതെ ഇവർ ഒരുക്കുകയാണ് ഉണ്ണിയേശുവിന്റെ തിരുപ്പിറവിക്കായുള്ള പുൽക്കൂടുകൾ. പെയ്യുന്ന മഞ്ഞോ ചുട്ടുപൊള്ളുന്ന ചൂടോ ഇവരെ തളർത്തുന്നില്ല. കൈകളിൽ പൊടിയുന്ന രക്തമോ വേദനയോ നിരാശരാക്കുന്നുമില്ല. കാരണം, ഈ ക്രിസ്മസ് കാലം ഇവർക്കു നൽകുന്നതു പ്രതീക്ഷയുടെ പൊൻകിരണങ്ങളാണ്.
കിലോമീറ്ററുകൾ താണ്ടി, അതിർത്തികൾ കടന്ന് തമിഴ്നാട്ടിലെ പൊള്ളാച്ചിയിൽനിന്ന് എത്തുന്ന സംഘങ്ങൾ മണിക്കൂറുകൾ പ്രയത്നിച്ചാണ് മുളകൊണ്ട് ഓരോ പുൽക്കൂടും ഒരുക്കുന്നത്. വെട്ടി കഷണങ്ങളാകുന്ന മുളകൾ പിന്നീട് ചീന്തിയെടുത്തു മുള്ളാണിയും കന്പിയും ഉപയോഗിച്ച് കെട്ടിയൊരുക്കി മേൽക്കൂരയുണ്ടാക്കി അതിൽ വൈക്കോലുകൾ നിരത്തി ഓരോ പുൽക്കൂടും പൂർത്തിയാക്കുന്നു.
അഞ്ചുമുതൽ ആറുമണിക്കൂർവരെയാണ് ഓരോന്നും നിർമിക്കാനെടുക്കുന്ന സമയം. അഞ്ചോ ആറോ എണ്ണംമാത്രമാണ് ഇപ്രകാരം ഒരുദിവസം നിർമിക്കുക. നിർമാണത്തിനിടെ മുളയുടെ ചീളുകളും കന്പികളുംകൊണ്ട് കൈകൾ മുറിയുന്നതും വേദനയമൊക്കെ പതിവാണെന്നു തൊഴിലാളിയായ മണികണ്ഠൻ പറഞ്ഞു.
നടത്തറ മേൽപ്പാലത്തിനുതാഴെ പുലർച്ച ആറിനുതന്നെ എത്തുന്ന മൂന്നംഗസംഘം അർധരാത്രിപിന്നിട്ടും ഇവിടെയുണ്ടാകും. മൂന്നംഗങ്ങൾവീതമുള്ള പത്തോളം സംഘങ്ങളാണ് നഗരത്തിന്റെ വിവിധ ഇടങ്ങളിലായി പുൽക്കൂടുനിർമാണം നടത്തുന്നത്. തൃശൂരിൽനിന്നുതന്നെയാണ് നിർമാണത്തിനാവശ്യമായ സാധനങ്ങൾ വാങ്ങുക.
ഒരടിമുതൽ മൂന്നരയടിവരെ വലിപ്പമുള്ള പുൽക്കൂടുകളാണുള്ളത്. 250 മുതൽ 750 രൂപവരെയാണ് വില. മുളയിൽ ഇവരൊരുക്കുന്ന നക്ഷത്രങ്ങൾക്കും വൻ ഡിമാൻഡാണ്. മൂന്നടിമുതൽ അഞ്ചരയടിവരെ വലിപ്പമുള്ള നക്ഷത്രങ്ങൾക്ക് 400 മുതൽ 950 വരെയാണ് വില ഈടാക്കുന്നത്.
പ്ലാസ്റ്റിക്കിലും മൾട്ടിവുഡിലും മരത്തിലുമടക്കം ന്യൂജൻ പുൽക്കൂടുകൾ സജീവമായതോടെ മുള പുൽക്കൂടിന്റെ കച്ചവടം അല്പം പിറകിലേക്കു പോയിട്ടുണ്ടെന്നു തൊഴിലാളികൾ പറഞ്ഞു.
പുൽക്കൂടിൽ പുതിയ താരം
മിനിയേച്ചർ പുൽക്കൂട്
വിപണി നിറയുന്ന വ്യത്യസ്തമായ പുൽക്കൂടുകൾക്കിടയിൽ താരമായി കുഞ്ഞൻ പുൽക്കൂടുകളും. മിനിയേച്ചർ പുൽക്കൂട് എന്ന പേരിൽ അറിയപ്പെടുന്ന ഇവയ്ക്കു വെറും 15 സെന്റിമീറ്ററിനു താഴെമാത്രമാണ് വലിപ്പം.
ഉണ്ണിയേശുവും മാതാവും യൗസേപ്പിതാവും പശുവും തൊഴുത്തും അടക്കം മൾട്ടിവുഡിൽ തീർത്ത പുൽക്കൂടിന്റെ എല്ലാ ഭാഗങ്ങളും ഊരിവയ്ക്കാൻ വയ്ക്കാൻ കഴിയുമെന്നതു മറ്റൊരു പ്രത്യേകതയാണ്. തൃശൂരിൽതന്നെ നിർമിക്കുന്ന ഇവയ്ക്കു 195 രൂപയാണ് വില.
മൾട്ടിവുഡിലും ചൂരലിലും
ഡിമാൻഡിന്റെ കാര്യത്തിൽ മുന്നിലാണ് മൾട്ടിവുഡ്, ചൂരൽ പുൽക്കൂടുകൾ. കൂട്ടത്തിൽ തൂവെള്ളനിറത്തിൽ പലവിധ ഡിസൈനുകളിലുള്ള മൾട്ടിവുഡ് പുൽക്കൂടുകൾക്കാണ് ഇത്തിരികൂടി പ്രിയം കൂടുതൽ. ഒരടി, രണ്ടടി, മൂന്നടി വലിപ്പമുള്ള ഇവയ്ക്കു 350, 550, 750 എന്നിങ്ങനെയാണ് നിരക്ക്. ഒരിക്കൽ വാങ്ങിയാൽ കുറെയേറെ വർഷത്തേക്കു പിന്നെ മറ്റൊരു പുൽക്കൂടിനെക്കുറിച്ച് ചിന്തിക്കേണ്ട ആവശ്യം പോലുമില്ലാത്ത ചൂരൽപുൽക്കൂടുകൾക്ക് 300 മുതൽ ആയിരം രൂപവരെയാണ് വില. ഇവയിൽതന്നെ ചൂരൽകൊണ്ട് മേൽക്കൂര തീർത്തതിന് 600 രൂപ. ഇവ അങ്കമാലിയിൽനിന്നാണ് കൊണ്ടുവരുന്നത്. പ്ലൈവുഡിൽ തീർത്ത പുൽക്കൂടുകൾക്കു150 മുതൽ 250 രൂപവരെയാണ് വില.