കാരികുളം കടവില്‍ വീണ്ടും കാട്ടാനക്കൂട്ടം
1488680
Friday, December 20, 2024 7:48 AM IST
വരന്തരപ്പിള്ളി: കാരികുളം കടവില്‍ തുടര്‍ച്ചയായി രണ്ടാംദിവസവും കാട്ടാനക്കൂട്ടം ഇറങ്ങി. അഞ്ച് ആനകളാണ് പ്രദേശത്തു തമ്പടിച്ചിരിക്കുന്നത്. പാലപ്പിള്ളി പിള്ളത്തോട് പാലത്തിനു സമീപത്തുനിന്ന് തോട്ടത്തിലൂടെ എത്തിയ ആനകള്‍ കാരികുളം കടവില്‍ പുലര്‍ച്ചെവരെ ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.
പറമ്പുകളിലെ കൃഷി നശിപ്പിച്ച ആനകള്‍ റോഡ് മുറിച്ചുകടന്ന് ഹാരിസണ്‍ തോട്ടത്തില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. ഇന്നലെ ഉച്ചയായിട്ടും ആനകളെ കാടുകയറ്റാന്‍ കഴിഞ്ഞിട്ടില്ല. ഈ ആനകളാണ് മേഖലയില്‍ ഭീതിപരത്തുന്നത്.
രാത്രികളില്‍ തോട്ടങ്ങള്‍ കടന്നുവരുന്ന ആനകള്‍ കാര്‍ഷികവിളകള്‍ നശിപ്പിക്കുന്നതു പതിവായിരിക്കുകയാണ്. കഴിഞ്ഞദിവസം കല്ലേലി സജീവന്റെ പറമ്പിലെ വാഴകളും തെങ്ങുകളും കവുങ്ങുകളും ആനക്കൂട്ടം നശിപ്പിച്ചിരുന്നു. ജനവാസമേഖലയില്‍ വന്യമൃഗങ്ങള്‍ ഇറങ്ങി കൃഷി നശിപ്പിക്കുന്നതു തടയാന്‍ നടപടിയാവശ്യപ്പെട്ട് മലയോര കര്‍ഷകസമിതി പ്രവര്‍ത്തകര്‍ പാലപ്പിള്ളി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ക്കു നിവേദനം നല്കി.