ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വിവാഹ രജിസ്ട്രേഷന് കേന്ദ്രം പ്രവർത്തനം തുടങ്ങി
1488933
Saturday, December 21, 2024 6:51 AM IST
ഗുരുവായൂർ: മന്ത്രി എം.ബി. രാജേഷ് വധൂവരന്മാർക്ക് വിവാഹ സർട്ടിഫിക്കറ്റ് കൈമാറിയതോടെ ഗുരുവായൂര്‍ ക്ഷേത്രനടയില്‍ പുതിയ വിവാഹ രജിസ്ട്രേഷന് കേന്ദ്രം പ്രവർത്തനംതുടങ്ങി. തുടർന്ന് ഔപചാരികമായ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. ഗുരുവായൂർ സ്വദേശി അഖിൽ- അപർണ ദന്പതികളാണ് ആദ്യ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്.
വിവാഹ രജിസ്ട്രേഷന് ഇപ്പോള്‍ ഓണ്‍ലൈന്‍ വഴി ചെയ്യാനുള്ള സംവിധാനമുണ്ടെങ്കിലും ഗുരുവായൂരപ്പന്റെ മുന്നില്‍ താലികെട്ടിയവര്ക്ക് ഇവിടെ നേരിട്ടുവന്ന് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങാന്‍ താല്പര്യമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.
ഗുരുവായൂര്‍ നഗരസഭാ ചെയര്മാന് എം. കൃഷ്ണദാസ് അധ്യക്ഷനായി. ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് ഡോ.വി.കെ. വിജയന് മുഖ്യാതിഥിയായിരുന്നു. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ്, നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി. ഉദയന്‍, ദേവസ്വം ഭരണസമിതിയംഗം സി. മനോജ്, നഗരസഭാ ആസൂത്രണ സമിതി വൈസ് ചെയര്മാന് ടി.ടി. ശിവദാസന്‍, ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ കെ.പി. വിനയന്, നഗരസഭാ സെക്രട്ടറി എച്ച്. അഭിലാഷ് കുമാർ എന്നിവര്‍ പ്രസംഗിച്ചു.
ക്ഷേത്രനടയിലെ കല്യാണ മണ്ഡപങ്ങള്‍ക്കു സമീപം ദേവസ്വത്തിന്റെ വൈജയന്തി കെട്ടിടത്തിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്.