ആശങ്ക തീർന്നു; താലപ്പൊലിയുടെ മുന്നൊരുക്കങ്ങൾ തുടങ്ങി
1488928
Saturday, December 21, 2024 6:51 AM IST
കൊടുങ്ങല്ലൂർ: ആശങ്ക തീർന്നു. താലപ്പൊലി ആഘോഷം ഗംഭീരമാക്കും. മുന്നൊരുക്കങ്ങൾ തുടങ്ങി. സുപ്രിം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിൽ ദേവസ്വത്തിന് ഉണ്ടായിരുന്ന ആശങ്ക തീർന്നു. കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ 2025 ജനുവരി 14 മുതൽ 17 വരെ നടത്തുന്ന താലപ്പൊലി പ്രൗഢഗംഭീരമായി ആഘോഷിക്കാൻ തീരുമാനിച്ചു.
ജനുവരി 13ന് വൈകീട്ട് ആറിന് 1001 കതിനവെടി മുഴങ്ങുന്നതോടുകൂടി താലപ്പൊലി ചടങ്ങുകൾ ആരംഭിക്കും. താലപ്പൊലി എഴുന്നള്ളിപ്പിനു മേളം, പഞ്ചവാദ്യം എന്നിവയുടെ അകമ്പടിയോടെ ഒന്പതു ഗജവീരന്മാരെ അണിനിരത്തുന്നതിന് തീരുമാനിച്ചു.
സുരക്ഷാസംവിധാനങ്ങൾ ശക്തമാക്കുന്നതിനും ഹോട്ടലുകളിൽ ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും കച്ചവട സ്ഥാപനങ്ങളിൽ വിലവിവരപ്പട്ടിക നിർബന്ധമായും പ്രദർശിപ്പിക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് തീരുമാനിച്ചു.
കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ്് ഡോ. എം.കെ. സുദർശൻ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ ടി. കെ. ഗീത, ദേവസ്വം ബോർഡ് മെമ്പർ പ്രേംരാജ് ചൂണ്ടാലത്ത്, സെക്രട്ടറി പി. ബിന്ദു, ഡെപ്യൂട്ടി കമ്മീഷണർ സുനിൽ കർത്ത, തഹസിൽദാർ കെ. രേവ, കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ. രാജു, എസ്എച്ച്ഒ അരുൺകുമാർ, മുൻസിപ്പൽ സെക്രട്ടറി വൃജ, വൈസ് ചെയർമാൻ വി.എസ്. ദിനൽ, ദേവസ്വം എക്സിക്യൂട്ടീവ് എൻജിനീയർ കെ.കെ. മനോജ്, ചീഫ് വിജിലൻസ് ഓഫീസർ ശിവദാസ്, കോവിലകം പ്രതിനിധി സുരേന്ദ്രവർമ, ഉപദേശകസമിതി സെക്രട്ടറി എ. വിജയൻ, വൈസ് പ്രസിഡന്റ്് കനക മണി,വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
അസി. കമ്മീഷണർ എം.ആർ. മിനി സ്വാഗതവും ദേവസ്വം മാനേജർ കെ. വിനോദ് നന്ദിയും പറഞ്ഞു.