മാലിന്യശേഖരണവണ്ടി തടഞ്ഞ് കൗൺസിലറുടെ പ്രതിഷേധം
1488927
Saturday, December 21, 2024 6:51 AM IST
കൊടുങ്ങല്ലൂർ: വാർഡിനെ അവഗണിക്കുന്നുവെന്നാരോപിച്ച് മാലിന്യശേഖരണ വണ്ടി തടഞ്ഞ് കൗൺസിലറുടെ പ്രതിഷേധം. ടികെഎസ് പുരം പ്ലാന്റ് പരിസരവാസികളോടു കൊടുങ്ങല്ലൂർ നഗരസഭ കാണിക്കുന്ന അവഗണയിൽ പ്രതിഷേധിച്ചാണ് കൗൺസിലർ വി.എം. ജോണി നഗരസഭ മാലിന്യശേഖരണവാഹനം തടഞ്ഞത്. ഹരിതകർമസേന നഗരസഭയിലെ 44 വാർഡിൽനിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ടൺകണക്കിന് സ്റ്റോക്ക് ചെയ്തിരിക്കുന്നു. കൂടാതെ മാർക്കറ്റിൽനിന്നും മറ്റു പ്രദേശങ്ങളിൽനിന്നുമുള്ള മാലിന്യങ്ങളും കുന്നുകൂടുന്നു. ഒരു തീ പിടിത്തമോ മറ്റ് അപകടമോ ഉണ്ടായാൽ ഫയർ എൻജിനടക്കമുള്ള വാഹനങ്ങൾക്ക് എത്തിപ്പെടുവാനുള്ള റോഡ് സൗകര്യം ഏർപ്പെടുത്തിയിട്ടില്ല.
സ്റ്റേഡിയം കുട്ടികൾക്കു കളിക്കാൻ സാധിക്കാത്തവിധം കാടുകയറി കിടക്കുന്നു. കൂടാതെ, സ്റ്റേഡിയം ദുരുപയോഗം ചെയ്യുന്നതിനാൽ അടച്ചുപൂട്ടിയിട്ടിരിക്കുന്നു.
കാടുവെട്ടിത്തെളിച്ച് സിസിടിവി നിരീക്ഷണത്തോടെ സ്റ്റേഡിയം തുറന്ന് കൊടുക്കുക, പരിവരവും മറ്റും മാലിന്യംമാറ്റി വൃത്തിയാക്കുക, പൊട്ടിപ്പൊളിഞ്ഞ റോഡ് റീ ടാർചെയ്ത് സഞ്ചാരയോഗ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണു കൗൺസിലർ നഗരസഭ മാലിന്യ വാ ഹനം തടഞ്ഞുള്ള സൂചനാസമരം നടത്തിയത്. പരിഹാരം വൈകിയാൽ ജനങ്ങളുമായിചേർന്ന് പ്ലാന്റ്് 100 ശതമാനം ഉപരോധിക്കുമെന്നും ഒരു വാഹനവും ഇവിടേക്കു പ്രവേശിപ്പിക്കില്ലെന്നും കൗൺസിലർ പറഞ്ഞു.