ഗൃഹപ്രവേശം നടത്തിയതിന്റെ ആറാംനാള്‍ വീട് കത്തിനശിച്ചു
1489109
Sunday, December 22, 2024 6:20 AM IST
പട്ടിക്കാട്: വാണിയംപാറ സ്വദേശി കല്ലുകുന്നിൽ സുനിലിന്റെ വീട്ഇന്നലെ രാവിലെ കത്തി നശിച്ചു. ഗൃഹപ്രവേശം നടത്തിയതിന്റെ ആറാംനാളാണ് വീട് കത്തിയത്. ഓട്ടോഡ്രൈവർ ആയ സുനിൽ ലൈഫ് പദ്ധതിപ്രകാരമാണ് വീട് പണികഴിപ്പിച്ചത്. സുനിലും ഭാര്യ ഉണ്ണിമായയും ജോലിക്കുപോയ സമയത്താണ് വീടിന് തീ പിടിച്ചത്.
വിദ്യാർഥികളായ മക്കൾ സ്കൂൾ അവധി പ്രമാണിച്ച് ബന്ധുവീട്ടിൽ പോയിരിക്കുകയായിരുന്നു. വീട്ടിൽനിന്ന് തീയുംപുകയും ഉയരുന്നതുകണ്ട് സമീപവാസികളാണ് ഇവരെ വിളിച്ച് വിവരമറിയിച്ചത്. തീപിടിച്ച സമയം വീടിനുള്ളിൽ ആരും ഇല്ലാതിരുന്നത് വലിയ ദുരന്തമാണ് ഒഴിവാക്കിയത്. വീടിന്റെ ഹാളും വീട്ടുപകരണങ്ങളും വയറിംഗും കത്തിനശിച്ചു. വടക്കഞ്ചേരിയിൽനിന്നുള്ള അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്.