സാംസ്കാരികകേന്ദ്രങ്ങളുടെ ഉയിർത്തെഴുന്നേൽപ്പ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം: സുരേഷ് ഗോപി
1488932
Saturday, December 21, 2024 6:51 AM IST
തൃശൂർ: രാജ്യത്തെ മണ്മറഞ്ഞുപോയ സാംസ്കാരികകേന്ദ്രങ്ങളുടെ ഉയിർത്തെഴുന്നേൽപ്പ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമാണെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി. നവീകരിച്ച ശക്തൻ തന്പുരാൻ കൊട്ടാരം പുരാവസ്തു മ്യൂസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൃശൂർ എന്ന സാംസ്കാരികതലസ്ഥാനത്തിന്റെ തിലകക്കുറിയായ ശക്തൻ തന്പുരാൻ മ്യൂസിയത്തിന്റ നവീകരണ ഉദ്യമം കേന്ദ്രസർക്കാരിനെ ബോധ്യപ്പെടുത്തിയ കേരള സർക്കാരിനെയും സുരേഷ്ഗോപി അഭിനന്ദിച്ചു.
കേവലം സന്ദർശനത്തിനുള്ള ഇടങ്ങളിൽനിന്നും പൈതൃകത്തിന്റെയും പാരന്പര്യത്തിന്റെയും സത്യസന്ധമായ കഥകൾ പറയുന്ന ഇടങ്ങളായി മ്യൂസിയങ്ങളെ മാറ്റുക എന്നതാണ് സംസ്ഥാനസർക്കാരിന്റെ ലക്ഷ്യമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു.
പി. ബാലചന്ദ്രൻ എംഎൽഎ, മേയർ എം.കെ. വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് എന്നിവർ മുഖ്യാതിഥികളായി. ഡെപൂട്ടി മേയർ എം.എൽ. റോസി, പുരാവസ്തു ഡയറക്ടർ ഇ. ദിനേശൻ, കേരള മ്യൂസിയം എക്സിക്യൂട്ടീവ് ഡയറക്ടർ ആർ. ചന്ദ്രൻപിള്ള എന്നിവർ പ്രസംഗിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് വയലി ഫോക്ക് ഗ്രൂപ്പിന്റെ മുളസംഗീതവും ഉണ്ടായിരുന്നു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ധനസഹായത്തോടെയാണ് കൊട്ടാരം മ്യൂസിയം ആധുനികരീതിയിൽ പുനഃസജ്ജീകരിച്ചത്.