25 ടണ്‍ ഇരുന്പുമായി പോയ ലോറിയുടെ ആക്സിലൊടിഞ്ഞു
1488672
Friday, December 20, 2024 7:47 AM IST
കോലഴി: 25 ടണ്‍ ഇരുന്പുസാമഗ്രികളുമായി പോയിരുന്ന ലോറി നടുറോഡിൽവച്ച് ആക്സിലൊടിഞ്ഞ് നിശ്ചലമായതോടെ തൃശൂർ-ഷൊർണൂർ സംസ്ഥാനപാതയിൽ മണിക്കൂറുകളോളം വൻഗതാഗതക്കുരുക്ക്. ഇന്നലെ രാവിലെ എട്ടരയോടെയാണ് കോലഴി പൂവണിയിൽ വച്ച് ലോറി കേടുവന്നു നിന്നത്.
ഷൊർണൂർ ഭാഗത്തുനിന്നു വന്നിരുന്ന ലോറിയാണ് ആക്സിലൊടിഞ്ഞ് റോഡിൽ കിടന്നത്. റോഡിൽ ലോറി കുടുങ്ങിയതോടെ തിരക്കേറിയ തൃശൂർ-ഷൊർണൂർ സംസ്ഥാനപാതയിൽ വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടു.
തൃശൂർ ഭാഗത്തുനിന്നുള്ള വാഹനങ്ങളും ഷൊർണൂർ ഭാഗത്തുനിന്നുള്ള വണ്ടികളും റോഡിൽ കുടുങ്ങിയതോടെ കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക് നീണ്ടു. വിയ്യൂർ പവർഹൗസ് മുതൽ മുളങ്കുന്നത്തുകാവ് സെന്റർ വരെ വരുന്ന നാലു കിലോമീറ്ററോളം വാഹനങ്ങളുടെ നിര നീണ്ടു. ഹൈവേ പോലീസും വിയ്യൂർ പോലീസും സ്ഥലത്തെത്തി വണ്ടികൾ ഒറ്റവരിയിലൂടെ കടത്തിവിട്ടാണ് ഗതാഗതം നിയന്ത്രിച്ചത്.
ക്രെയിൻ കൊണ്ടുവന്ന് റോഡിൽ നിന്നും ലോറി നീക്കാൻ ശ്രമിച്ചെങ്കിലും 25 ടണ്‍ ലോഡുണ്ടായിരുന്നതിനാൽ ലോറി മാറ്റുവാൻ സാധിച്ചില്ല. തുടർന്ന് ലോഡ് മാറ്റാനായി മറ്റൊരു ലോറിയെത്തിച്ച് ഇരുന്പു സാമഗ്രികൾ മാറ്റുന്ന പണികളാരംഭിച്ചു.
ഓഫീസ് സമയമായതിനാൽ വൻതിരക്കാണ് ഈ റൂട്ടിൽ ഉണ്ടായിരുന്നത്. പരീക്ഷയ്ക്ക് പോകേണ്ട വിദ്യാർഥികളും വഴിയിൽ കുടുങ്ങി. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും തൃശൂരിലെ സ്വകാര്യ ആശുപത്രികളിലേക്കും പോകുന്ന ആംബുലൻസുകളും രോഗികളും ലക്ഷ്യസ്ഥാനത്തെത്താൻ വൈകി. ഇതിനിടെ മാവോയിസ്റ്റുകളേയും കൊണ്ടുവന്നിരുന്ന പോലീസിന്റെ വാഹനവ്യൂഹവും കോലഴി പൂവണിയിലെ ഗതാഗതക്കുരുക്കിൽ കുടുങ്ങി.