മുണ്ടൂർ പള്ളിയിൽ തിരുനാൾ
1488475
Thursday, December 19, 2024 8:59 AM IST
മുണ്ടൂർ: മുണ്ടൂർ പരിശുദ്ധ കർമലമാത ദേവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റേയും വിശുദ്ധ യൗസേപ്പിതാവിന്റേയും തിരുനാളിന് ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ കൊടിയേറ്റി. തുടർന്ന് ലദീഞ്ഞ്, നൊവേന, വിശുദ്ധ കുർബാന, പ്രദക്ഷിണം എന്നിവ നടന്നു. തിരുനാൾദിനംവരെ എല്ലാ ദിവസവും വൈകുന്നേരം 5.30ന് ലദീഞ്ഞ്, നൊവേന, വിശുദ്ധ കുർബാന, പ്രദക്ഷിണം തുടങ്ങിയവ ഉണ്ടായിരിക്കും.
28നു രാവിലെ 6.15ന് തൃശൂർ അതിരൂപത വികാരി ജനറാൾ മോൺ. ജോസ് കോനിക്കര കൂടുതുറക്കൽ ശുശ്രൂഷ നടത്തും. 29ന് റവ. ഡോ. പോൾ പൂവത്തിങ്കൽ തിരുനാൾ തിരുക്കർമങ്ങൾക്കു നേതൃത്വം നൽകും. ഇന്നുമുതൽ 27 വരെ എല്ലാദിവസവും രാത്രി 7.30ന് വിവിധങ്ങളായ കലാപരിപാടികൾ ദേവാലയമുറ്റത്ത് അരങ്ങേറും.
ഇടവക വികാരി ഫാ. ബാബു അപ്പാടൻ, അസിസ്റ്റന്റ് വികാരി ഫാ. ഗോഡ്വിൻ കിഴക്കൂടൻ, ജനറൽ കൺവീനർ ടി.എൽ. ഷാജു, കൈക്കാരന്മാരായ സി.എ. പോൾ, പി.കെ. മിറാഷ്, ബെന്നി ജോസഫ്, ജോഷി വെള്ളറ, ജോയിന്റ് കൺവീനർമാരായ സെബി വേലുക്കാരൻ, ബേബി ജോസ് മേക്കാട്ടുകുളം എന്നിവരും മറ്റു കൺവീനർമാരും യൂണിറ്റ് ഭാരവാഹികളും തിരുനാളിന് നേതൃത്വം നൽകും.