ആയിരം കുട്ടികൾ ഒരുക്കുന്ന പുൽക്കൂട്, ആയിരം അമ്മമാരുടെ കരോൾഗാനവും
1488934
Saturday, December 21, 2024 6:51 AM IST
തൃശൂർ: വേലൂർ ഫൊറോന മാതൃവേദിയുടെ നേതൃത്വത്തിൽ തിരുകുടുംബവേഷധാരികളായ ആയിരം കുട്ടികൾ അവതരിപ്പിക്കുന്ന ജീവനുള്ള പുൽക്കൂടും ആയിരം അമ്മമാർ ആലപിക്കുന്ന കരോൾഗാനവും മുണ്ടത്തിക്കോട് ക്രിസ്തുരാജ ദേവാലയാങ്കണത്തിൽ 23നു വൈകീട്ട് അഞ്ചിനു നടക്കും. ഗോ ടു ബത്ലഹേം എന്നു പേരിട്ടിരിക്കുന്ന പരിപാടിയുടെ ബെസ്റ്റ് ഓഫ് ഇന്ത്യ വേൾഡ് റിക്കാർഡ് ശ്രമംകൂടിയാണിതെന്നു ഫാ. ഡേവിസ് ചിറമ്മൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
പുൽക്കൂട്ടിൽ മൂന്നൂറുവീതം ഉണ്ണിയേശു, പരിശുദ്ധ കന്യാമറിയം, യൗസേപ്പിതാവ്, നൂറു മാലാഖവേഷധാരികളായ ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിലെ കുട്ടികൾ അണിനിരക്കും.
തെരഞ്ഞെടുക്കുന്ന എട്ടു കുട്ടികൾക്കു സ്വർണനാണയം സമ്മാനമായി നൽകും. പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും ക്രിസ്മസ് സമ്മാനങ്ങൾ നല്കും. വേലൂർ ഫൊറോനയിലെയും മറ്റ് ഇടവകകളിലെയും കുട്ടികൾക്കും പങ്കെടുക്കാം. വലിയ എൽഇഡി സ്ക്രീൻ ജീവനുള്ള ക്രിസ്മസ് തിരുകുടുംബങ്ങൾക്കു പിറകിൽ ദൃശ്യവിസ്മയം തീർക്കും. സംഗീതസാന്ദ്രമായ വിവിധ പരിപാടികൾ അരങ്ങേറും. പത്രസമ്മേളനത്തിൽ ഫാ. എസ്.ജെ. ആന്, ബിജു പോൾ, ജൂലി ടിസറെന്റ്, ഷിജി ജോയ് എന്നിവർ പങ്കെടുത്തു.