സമൂഹത്തിനുവേണ്ടി ത്യാഗമനോഭാവത്തോടെ പ്രവർത്തിക്കണം: മാർ ആൻഡ്രൂസ് താഴത്ത്
1489120
Sunday, December 22, 2024 6:20 AM IST
തൃശൂർ: സ്നേഹത്തോടും പ്രതിബന്ധതയോടുംകൂടി സമൂഹത്തിനുവേണ്ടി ത്യാഗമനോഭാവത്തോടെ പ്രവർത്തിക്കുവാനുള്ള ദൈവികപദ്ധതിയിൽ ആശ്രയിക്കുന്ന നേതൃത്വമാണ് സമൂഹത്തിനാവശ്യമെന്ന് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്.
അതിരൂപത കുടുംബകൂട്ടായ്മ കേന്ദ്രസമിതിയുടെ നേതൃത്വത്തിൽ നടത്തിയ അതിരൂപതയിലെ 3,200 ഓളം കുടുംബകൂട്ടായ്മകളിലെ വനിതാ ഭാരവാഹികൾക്കായുള്ള സംഗമം - എസ്തേർ 2024 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുരിയച്ചിറ സെന്റ് ജോസഫ്സ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ മോണ്‍. ജോസ് കോനിക്കര അധ്യക്ഷത വഹിച്ചു.
അഭിമാനവും കഴിവുമുള്ള ഒരമ്മയ്ക്കു മാത്രമേ സ്വന്തം വീടിനും സമൂഹത്തിനും ശാന്തിയും സമാധാനവും പ്രദാനം ചെയ്യാൻ കഴിയൂവെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സോഫി തോമസ് പറഞ്ഞു. സ്ത്രീകൾക്ക് സഭയിലും സമൂഹത്തിലുമുള്ള പങ്ക് എന്ന വിഷയത്തെക്കുറിച്ച് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പബ്ലിക് സ്പീക്കിംഗ് ഡയറക്ടർ ഡോ. കൊച്ചുറാണി ക്ലാസ് നയിച്ചു. അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ സമാപനസന്ദേശം നൽകി.
അതിരൂപത കുടുംബ കൂട്ടായ്മ ഡയറക്ടർ റവ. ഡോ. ഡെന്നി താണിക്കൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. അനീഷ് കുത്തൂർ, കുടുംബകൂട്ടായ്മ ജനറൽ കണ്‍വീനർ ഷിന്റോ മാത്യു, ജനറൽ സെക്രട്ടറി പ്രഫ. ജോർജ് അലക്സ്, ട്രഷറർ ജെയ്സൻ മാണി, ജോയിന്റ് കണ്‍വീൻ ബിജു സി. വർഗീസ്, പ്രോഗ്രാം ജനറൽ കണ്‍വീനർ സുബി ജസ്റ്റിൻ, ഷീജ ജോണ്സണ്, ലിവിൻ വർഗീസ്, ജിനീഷ് വടക്കും ഞ്ചേരി, സി.ടി. ജോയ്, ദേവസി പുത്തൂർ എന്നിവർ നേതൃത്വംനൽകി.