തടസം ജൽജീവൻ പദ്ധതി; റോഡ് തവിടുപൊടി
1488470
Thursday, December 19, 2024 8:59 AM IST
പോൾസൺ വാഴപ്പിള്ളി
കൈപ്പറന്പ്: വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ് കൈപ്പറന്പ്- തലക്കോട്ടുകര റോഡ്. പലയിടങ്ങളിലും ഒന്നരയടിയോളം താഴ്ചയിലാണു കുഴികൾ. നിർമാണത്തിനു ഫണ്ട് പാസായെങ്കിലും ജൽജീവൻ പദ്ധതിയിൽ തട്ടിയാണു പണികൾ നീളുന്നത്. ഇരുചക്രവാഹന യാത്രികരും വിദ്യാർഥികളും അപകടത്തിൽപെടുന്നതു പതിവുകാഴ്ച. ഓട്ടോ ഓടിച്ചുകിട്ടുന്ന വരുമാനം വാഹനത്തിന്റെ കേടുപാടുതീർക്കാൻ മാത്രമേ തികയുന്നുള്ളൂ എന്നു തൊഴിലാളികളും പറഞ്ഞു.
രണ്ടു സംസ്ഥാന പാതകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയിലൂടെ ആംബുലൻസ് ഉൾപ്പെടെ നൂറുകണക്കിനു വാഹനങ്ങളാണു കടന്നുപോകുന്നത്. വിദ്യ എൻജിനീയറിംഗ് കോളജ്, ഗാഗുൽത്ത ധ്യാനകേന്ദ്രം, കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ഹെഡ് ഓഫീസ്, ഡയാലിസിസ് യൂണിറ്റ്, ആരാധനാലയങ്ങൾ, ആശ്രമം, സന്യാസിനിഭവനം, ഓഡിറ്റോറിയങ്ങൾ തുടങ്ങി നിരവധി സ്ഥാപനങ്ങൾ മൂന്നു കിലോമീറ്റർ പാതയിലാണ്.
8തടസം
ജൽജീവൻ പദ്ധതി
കൈപ്പറന്പ്, ചൂണ്ടൽ പഞ്ചായത്തുകളുടെ അധികാരപരിധിയിലാണ് റോഡ്. ഒരു പഞ്ചായത്തിന്റെ പരിധി ഗതാഗതയോഗ്യമാക്കിയാൽ മറുഭാഗത്തു കുഴികൾ രൂപപ്പെടും. ഇതുതന്നെ തിരിച്ചും സംഭവിക്കും. എക്കാലത്തും റോഡ് തകർന്നുകിടക്കാൻ കാരണവും ഇതുതന്നെ.
മൂന്നു കിലോമീറ്റർ റോഡ് നിർമാണത്തിനു ചൂണ്ടൽ പഞ്ചായത്ത് 40 ലക്ഷം രൂപയും കൈപ്പറന്പ് പഞ്ചായത്ത് 33.5 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ടാർ ചെയ്യാൻ ടെൻഡർ നടപടിയുമായി. എന്നാൽ, ജൽജീവൻ പദ്ധതിയാണു തടസം. പദ്ധതി പൂർത്തിയാകാതെ റോഡിലെ കുഴികളടയ്ക്കാൻ കഴിയില്ലെന്നാണു കൈപ്പറന്പ് പഞ്ചായത്തിന്റെ നിലപാട്. പദ്ധതിക്കായി ടാങ്ക് നിർമിക്കാൻ പഞ്ചായത്ത് സ്ഥലംപോലും ഏറ്റെടുത്തിട്ടില്ല. സ്ഥലംവാങ്ങി ടാങ്ക് നിർമിച്ചു പദ്ധതി പൂർത്തിയാക്കാൻ വൻ കാലതാമസമെടുക്കും. വെള്ളത്തിന്റെ സ്രോതസും കണ്ടെത്തിയിട്ടില്ല.
ജൽജീവൻ പദ്ധതിക്കായി കുടിവെള്ളസംഭരണത്തിന് ഓവർഹെഡ് ടാങ്ക് ഉൾപ്പെടെ നിർമിക്കാതെ പൈപ്പിടലിന്റെ പേരിൽ റോഡ് നിർമാണം മാറ്റിവയ്ക്കുന്നതു ശരിയല്ലെന്നു പഞ്ചായത്തംഗം ജിമ്മി ചൂണ്ടൽ പറഞ്ഞു. കൈപ്പറന്പ് പഞ്ചായത്തിലെ തലക്കോട്ടുകര വഴിയിലുള്ള ഒന്ന്, രണ്ട് വാർഡുകളിലെ വീട്ടുകാർ ജൽജീവൻ പദ്ധതി മാറ്റിവച്ചു റോഡ് നിർമിക്കണമെന്ന് അപേക്ഷവച്ചാൽ പരിഗണിക്കുമെന്നു പഞ്ചായത്ത് പ്രസിഡന്റ് ഉഷ പ്രതികരിച്ചു.