ഓട്ടിസം ബാധിതനായ അന്പാടിക്ക് വീൽചെയർ നൽകി ലയണ്‍സ് ക്ലബ്
1488669
Friday, December 20, 2024 7:47 AM IST
തൃശൂർ: ഓട്ടിസം ബാധിതനായ ആറുവയസുകാരൻ അന്പാടിക്ക് തൃശൂർ താലൂക്ക് പരാതിപരിഹാര അദാലത്തിലൂടെ വീൽചെയർ സമ്മാനിച്ചു.
മന്ത്രിമാരായ കെ.രാജനും ആർ.ബിന്ദുവും ചേർന്നാണ് അന്പാടിക്ക് വീൽച്ചെയർ കൈമാറിയത്. ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിസ്ട്രിക്ട് ഗവർണർ ജെയിംസ് വളപ്പിലയാണ് വീൽചെയർ നൽകിയത്. അന്പാടിയുടെ അച്ഛനായ മരോട്ടിച്ചാൽ സ്വദേശി ബിനുവാണ് അന്പാടിക്ക് വേണ്ടി അദാലത്തുമായി കളക്ടറെ സമീപിച്ചത്. കളക്ടർ അർജുൻ പാണ്ഡ്യന്റെ ഇടപെടൽ മൂലം ലയണ്‍സ് ക്ലബ്ബിന്റെ ഹ്യുമാനിറ്റേറിയൻ പ്രോജക്ടിൽ ഉൾപ്പെടുത്തിയാണ് അന്പാടിക്ക് വീൽചെയർ നൽകിയത്. ലയണ്‍സ് ക്ലബ്ബിന്റെ പാലിയേറ്റിവ് കെയറിന്റെ ഭാഗമായി 250 വീൽച്ചെയർ നൽകുന്ന പദ്ധതിയിലെ 100ാമത് വീൽചെയറാണ് അന്പാടിക്ക് നൽകിയതെന്ന് ലയണ്‍സ് ഡിസ്ട്രിക്ട് ഗവർണർ ജെയിംസ് വളപ്പില പറഞ്ഞു.
മേയർ എം.കെ വർഗ്ഗീസ്, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, ഡെപ്യുട്ടി മേയർ എം.എൽ. റോസി, ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്ട് ഹ്യുമാനിറ്റേറിയൻ പ്രോജക്ട് കൊ ഒാർഡിനേറ്റർ അശോകൻ, അഡീഷനൽ ക്യാബിനറ്റ് സെക്രട്ടറി ബെന്നി നീലങ്കാവിൽ, റീജിയണ്‍ ചെയർമാൻ സുമേഷ് എന്നിവരും സന്നിഹിതരായിരുന്നു.
കാഴ്ചപരിമിതിയുള്ള അന്പാടി മറ്റു ശാരീരികമാനസിക ബുദ്ധിമുട്ടുകളും നേരിടുന്നുണ്ട്. അന്പാടിക്ക് ഒരു വീട് നിർമിക്കാനുള്ള സഹായവും ആവശ്യമുണ്ടെന്ന് കളക്ടറുടെ അഭ്യർത്ഥന കണക്കിലെടുത്ത് അതിനുള്ള ശ്രമം ഉണ്ടാകുമെന്നും ലയണ്‍സ് ഭാരവാഹികൾ ഉറപ്പു നൽകിയിട്ടുണ്ട്.