പൂരം പ്രശ്നം തീർന്നപ്പോൾ പ്രദർശനം പ്രശ്നമാകുന്നു
1489123
Sunday, December 22, 2024 6:20 AM IST
തൃശൂർ: ഒരു പ്രശ്നം തീരുന്പോൾ പിന്നാലെ അടുത്ത പ്രശ്നം എന്നനിലയിൽ തൃശൂർ പൂരം മാറുന്നു. ആനയെഴുന്നള്ളിപ്പു സംബന്ധിച്ച പ്രശ്നങ്ങളും ആശങ്കകളും അനിശ്ചിതാവസ്ഥയും സുപ്രീംകോടതി ഇടപെടലിനെ തുടർന്ന് ഒരുവിധം പരിഹരിച്ചതിന്റെ ആശ്വാസത്തിലിരിക്കെ തിരുവന്പാടി-പാറമേക്കാവ് ദേവസ്വങ്ങൾക്ക് ഇരുട്ടടി കൊടുത്തിരിക്കുകയാണ് കൊച്ചിൻ ദേവസ്വം ബോർഡ്.
പൂരം എക്സിബിഷൻ നടത്താൻ വടക്കുന്നാഥ ക്ഷേത്രമൈതാനിയിലെ എക്സിബിഷൻ ഗ്രൗണ്ട് വിട്ടുകൊടുത്തിന്റെ കുടിശിക വാടകയായ 3.68 കോടി രൂപ ഉടൻ അടയ്ക്കണമെന്നാവശ്യപ്പെട്ട് കൊച്ചിൻ ദേവസ്വം ബോർഡ് രംഗത്തെത്തിയതോടെ പൂരം പ്രദർശനം നടത്തിപ്പ് പ്രതിസന്ധിയിലായി.
ഇത്തവണ പൂരം നടക്കണമെങ്കിൽ രണ്ടു കോടിയിലധികം രൂപ തറവാടക നൽകുകയും വേണം. ചുരുക്കത്തിൽ ആറു കോടിക്കടുത്ത് രൂപ കൊച്ചിൻദേവസ്വം ബോർഡിന് നൽകിയാൽ മാത്രമേ ഇത്തവണ പൂരം പ്രദർശനം നടത്താൻ സാധിക്കൂ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
നേരത്തെ തറവാടക പ്രശ്നമുണ്ടായി പൂരം എക്സിബിഷൻ നടത്തിപ്പ് പ്രതിസന്ധിയിലായപ്പോൾ മുഖ്യമന്ത്രി നേരിട്ടിടപെട്ട് എല്ലാം പരിഹരിച്ചുവെന്നു പറഞ്ഞ ഒത്തുതീർപ്പുകൾക്ക് വിരുദ്ധമായാണ് ഇപ്പോൾ ബോർഡ് കോടികളുടെ കുടിശികയെന്നു ചൂണ്ടിക്കാട്ടി ദേവസ്വങ്ങളോട് പണമടക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
പൂരം എക്സിബിഷന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി അടുത്തമാസം ടെണ്ടർ നടപടികൾ നടക്കാനിരിക്കെയാണ് ബോർഡിന്റെ പുതിയനീക്കം. കഴിഞ്ഞ രണ്ടുവർഷവും തറവാടക സംബന്ധിച്ച് ബോർഡും ദേവസ്വങ്ങളും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു.
മുഖ്യമന്ത്രി ഇടപെട്ട് ചർച്ച നടത്തിയ ശേഷം 42.51 ലക്ഷം രൂപയാണ് ഒടുവിൽ തറവാടകയായി നൽകാൻ ധാരണയായത്. എന്നാൽ ഇതെല്ലാം പാടേ തള്ളിയാണ് ബോർഡ് ഇപ്പോൾ കഴിഞ്ഞ രണ്ടുവർഷത്തെ കുടിശികയും അതിന്റെ ജിഎസ്ടിയും അടയ്ക്കാൻ ആവശ്യമുന്നയിച്ചിരിക്കുന്നത്.
സ്വന്തം ലേഖകൻ