വീണ്ടും വേലിയേറ്റം: വീടുകളും കടകളും പാർക്കും വെള്ളക്കെട്ടിൽ
1488670
Friday, December 20, 2024 7:47 AM IST
ചാവക്കാട്: കടപ്പുറം പഞ്ചായത്തിലും ബ്ലാങ്ങാട് ബീച്ചിലും ശക്തമായ വേലിയേറ്റം. നിരവധി സ്ഥാപനങ്ങളും വീടുകളും പാർക്കും വെള്ളക്കെട്ടിലായി. ബുധനാഴ്ച രാത്രിയോടെ ആരംഭിച്ച വേലിയേറ്റം ഇന്നലെ പുലർച്ചെ രൂക്ഷമായി.
തൊട്ടാപ്പ് ബീച്ച്, ലൈറ്റ്ഹൗസ് പരിസരം തുടങ്ങി നിരവധി സ്ഥലങ്ങൾ വെള്ളക്കെട്ടിലാണ്. ലൈറ്റ് ഹൗസിനടുത്ത് ഓവുചാലിലൂടെ കടൽവെള്ളം കിഴക്കോട്ട് ഒഴുകിയെത്തി റോഡിനു കിഴക്കുവശം നിരവധി വീടുകൾ വെള്ള ക്കെട്ടിലായി.
ബ്ലാങ്ങാട് ബീച്ചിൽ പാർക്കും പാർക്കിംഗ് ഗ്രൗണ്ടും പൂർണമായും വെള്ളത്തിലാണ്. ഇവിടത്തെ 20 താൽക്കാലിക കച്ചവടസ്ഥാപനങ്ങളിൽ വെള്ളം കയറി. ക്രിസ്മസ്- ന്യൂ ഇയർ ഫെസ്റ്റിവൽ നടത്തുന്നതിന് തീരത്ത് ഒരുക്കം നടക്കുന്നതിനിടയിലാണ് വേലിയേറ്റം.
മത്സ്യബന്ധന യാനങ്ങളല്ലാം തൊഴിലാളികൾ സുരക്ഷിത മേഖലകളിലേക്ക് മാറ്റി. തെക്ക് ഭാഗത്ത് നിന്ന് തിരമാലകൾ വളരെ ഉയരത്തിൽ പൊന്തിവരുന്നത് തീരദേശവാസികളിൽ ആശങ്ക ഉയർത്തുന്നുണ്ട്.
ചാലുകീറി വെള്ളക്കെട്ട് ഒഴിവാക്കിയെങ്കിലും മുന്നറിയിപ്പ് ഇല്ലാതെ എത്തുന്ന വേലിയേറ്റം തീര താമസക്കാരെയും വ്യാപാരികളെയും ദുരിതത്തിലാകുന്നുണ്ട്.