ഫുട്ബോൾ താരം രോഗങ്ങളുടെ ദുരിതക്കയത്തിലാണ്
1488472
Thursday, December 19, 2024 8:59 AM IST
പട്ടിക്കാട്: ആറുവർഷമായി കൈകാലുകളുടെ ചലനശേഷി നഷ്ടപ്പെടുന്ന അപൂർവ രോഗം ബാധിച്ച് ഫുട്ബോൾ താരം വെളുത്തേടത്ത് ഹരികൃഷ്ണൻ (30) സുമനസ്സുകളുടെ സഹായം തേടുന്നു. കാലുകളുടെ ചലനശേഷി പൂർണമായും നഷ്ടപ്പെട്ടു. അതിനോട് മല്ലിടുന്നതിനിടയിൽ ഇപ്പോൾ കാൻസറും ഹൃദയസംബന്ധമായ അസുഖങ്ങളും പിടികൂടി. പ്ലാസ്മ സെല്ലുകളെ നശിപ്പിക്കുന്ന പോയംസ് സിൻഡ്രോം എന്ന കാൻസറാണ് ഹരി കൃഷ്ണനിൽ കണ്ടെത്തിയിരിക്കുന്നത്. ഈ രോഗം ക്രമേണ നാഡീവ്യൂഹത്തെ മുഴുവൻ തളർത്തിക്കളയും.
ഉടനെ ചികിത്സ തുടങ്ങിയാൽ രോഗം ഭേദപ്പെടാൻ സാധ്യതയുണ്ടെന്നാണ് ഡോക്ടർ അഭിപ്രായപ്പെട്ടു. പ്ലാസ്മ സെല്ലുകളെ പുനരുജ്ജീവിപ്പിക്കുന്ന ചികിത്സയ്ക്ക് എട്ടു ലക്ഷത്തോളം രൂപ ചെലവ് വരും. ഹരികൃഷ്ണനും കുടുംബവും ഇപ്പോൾ പട്ടിക്കാട് വാടകവീട്ടിലാണ് താമസം. അമ്മയും ഭാര്യയും ഒപ്പമുണ്ട്.
ഹരികൃഷ്ണന്റെ തുടർ ചികിത്സയ്ക്കായി പഞ്ചായത്ത് പ്രസിഡന്റ്് പി.പി. രവീന്ദ്രൻ, പഞ്ചായത്തംഗം സ്വപ്ന രാധാകൃഷ്ണൻ, വി.പി. ശശി എന്നിവരുടെ നേതൃത്വത്തിൽ ചികിത്സാ സഹായനിധി രൂപീകരിച്ച് കേരള ഗ്രാമീൺ ബാങ്ക് പട്ടിക്കാട് ശാഖയിൽ അക്കൗണ്ട് ആരംഭിച്ചു. അക്കൗണ്ട് നമ്പർ: 40290101062548. ഐഎഫ്എസ്സി KLGB0040290. ഗൂഗിൾ പേ നമ്പർ: 9497554631