വർഗീയ കാർഡിറക്കാൻ സിപിഎം ശ്രമം: വി.ഡി. സതീശൻ
1488679
Friday, December 20, 2024 7:48 AM IST
ഒല്ലൂർ: സംഘപരിവാറിനെ നാണിപ്പിക്കുന്നവിധമാണ് സിപിഎം കേരളത്തിൽ വർഗീയ കാർഡിറക്കുന്നതെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. കേവലം തെരഞ്ഞെടുപ്പുവിജയത്തിനായി കോൺഗ്രസും യുഡിഎഫും മതേതരത്വത്തിൽ വെള്ളംചേർക്കില്ലെന്നു സതീശൻ കൂട്ടിച്ചേർത്തു.
മുൻ എംഎൽഎയും ഐഎൻടിയുസി നേതാവുമായിരുന്ന പി.ആർ. ഫ്രാൻസിസിന്റെ ജന്മശതാബ്ദി ആഘോഷം ഒല്ലൂരിൽ ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുനമ്പം വിഷയത്തിലടക്കം മതപരമായ ഭിന്നിപ്പ് കൊണ്ടുവരാനാണ് സംഘപരിവാർ ശ്രമിക്കുന്നത്. ഇതിന് ഒത്താശചെയ്യുകയാണ് സിപിഎം. കോൺഗ്രസ് ഉള്ള കാലം അതിനു സമ്മതിക്കില്ല. അധികാരം പിടിച്ചെടുക്കുന്നതിനെക്കാൾ പ്രധാനമാണ് വർഗീയതയെ രാജ്യത്തു കുഴിച്ചുമൂടുകയെന്നത്.
അടിമുടി കോൺഗ്രസുകാരനായ പി.ആർ. ഫ്രാൻസിസ് പുതിയ തലമുറയ്ക്കു മാതൃകയാണെന്നും വി.ഡി. സതീശൻ പറഞ്ഞു. പനംകുറ്റിച്ചിറ ഗവ. യുപി സ്കൂളിൽ നടന്ന ജന്മശതാബ്ദി ആഘോഷപരിപാടിയിൽ ആഘോഷ കമ്മിറ്റി ചെയർമാൻ ജെയ്ജു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറിമാരായ സുനിൽ അന്തിക്കാട്, ഷാജി കോടങ്കണ്ടത്ത്, രാജേന്ദ്രൻ അരങ്ങത്ത്, മുൻ എംപി രമ്യ ഹരിദാസ്, ഡിസിസി മുൻ പ്രസിഡന്റ് ജോസ് വള്ളൂർ തുടങ്ങിയവർ പങ്കെടുത്തു.