മുല്ലശേരി കെഎൽഡിസി കനാലിലേക്ക് പുഴയിൽ നിന്നു വീണ്ടും ഉപ്പുകയറുന്നതായി കർഷകർ
1488673
Friday, December 20, 2024 7:47 AM IST
മുല്ലശേരി: കെഎൽഡിസി കനാലിലേക്ക് പുഴയിൽ നിന്നു വീണ്ടും ഉപ്പുകയറുന്നതായി കർഷകരുടെ പരാതി.
ന്യൂനമർദ്ദ മഴയിൽ കനാലിൽ വെള്ളം ഉയർന്നതിനെതുടർന്ന് ഇടിയഞ്ചിറ താത്കാലിക വളയംബണ്ടിന്റെ പൊളിച്ച മധ്യഭാഗത്തെ കഴഭാഗം വഴിയാണ് ഉപ്പ് കയറുന്നത്. പുല്ലൂർ ഭാഗംവരെ ഉപ്പുവെള്ളം കയറിയതായി വിവിധ പടവുകമ്മിറ്റി ഭാരവാഹികൾ പറയുന്നു. 80 സെന്റീമീറ്ററിൽ അധികം ഉപ്പുവെള്ളം വേലിയേറ്റത്തിൽ പുഴയിൽ ഉയരുന്നുണ്ട്.
ഇതോടെ മുല്ലശേരി, വെങ്കിടങ്ങ്, പറപ്പൂർ, അടാട്ട് മേഖലയിലെ 10,000 ഏക്കർ നെൽകൃഷി പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. കതിരുവന്ന് വിളവെടുപ്പിന് ഒരു മാസം മാത്രം ബാക്കിയുള്ള നെൽച്ചെടികൾ മുതൽ 40 ദിവസം പ്രായമായ നെൽചെടികൾ വരെ ഈ മേഖലയിൽ ഉണ്ട്.
വിവിധ പ്രായത്തിലുള്ള ഈ നെൽ ചെടികളെയെല്ലാം ഉപ്പുവെള്ളം സാരമായി ബാധിക്കും. ഇടിയഞ്ചിറ റെഗുലേറ്റർ നവീകരണത്തിൻ്റെ ഭാഗമായി ഷട്ടറുകളെല്ലാം ഊരിമാറ്റിയിരിക്കുകയാണ്. ഇതുവഴിയാണ് പുഴയിലെ വേലിയേറ്റത്തിൽ ഉപ്പുവെള്ളം ശക്തമായി കനാലിലേക്ക് കയറുന്നത്.
നവംബർ പകുതിയോടെയാണ് താത്കാലിക വളയംബണ്ടിന്റെ പണികൾ പൂർത്തിയായത്. എന്നാൽ കഴിഞ്ഞ ന്യൂനമർദ്ദ മഴയിൽ കനാലിൽ ജലനിരപ്പ് ഉയർന്നപ്പോൾ താത്കാലിക വളയം ബണ്ടിന്റെ 30 മീറ്റർ ഭാഗം പൊളിക്കേണ്ടി വന്നു.
പൊളിച്ച വളയംബണ്ടിന്റെ ഭാഗങ്ങൾ തുറന്നു കിടക്കുന്നതിനാൽ കർഷകരല്ലാം ആശങ്കയിലാണ്. ഈ ഭാഗം മുളക്കാലുകൾ കുത്തി മണ്ണിട്ട് അടക്കുന്ന ജോലികൾ ഇപ്പോൾ സാവകാശമാണ് നടക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. കനാലിൽ ജലനിരപ്പ് ഉയർന്നാൽ വേലിയേറ്റത്തിൽ ഉപ്പുവെള്ളം കയറുന്നത് ഒരു പരിധിവരെ പ്രതിരോധിക്കാൻ കഴിയും.
ചിമ്മിനി ഡാമിൽനിന്ന് തുറന്നുവിട്ട വെള്ളം മുല്ലശേരി കനാലിലെത്താൻ ഇനിയും ദിവസങ്ങളെടുക്കുമെന്നാണ് കർഷകർ പറയുന്നത്.