തലപ്പിള്ളി താലൂക്ക് തല അദാലത്ത്: 10 പട്ടയങ്ങൾ കൈമാറി
1489119
Sunday, December 22, 2024 6:20 AM IST
വടക്കാഞ്ചേരി: തലപ്പിള്ളി താലൂക്ക് അദാലത്തിൽ 21 റേഷൻകാർഡുകളും 10 പട്ടയങ്ങളും വിതരണംചെയ്തു. മന്ത്രിമാരായ കെ. രാജനും ആര്. ബിന്ദുവുംചേർന്ന് വിതരണംനടത്തി.
ഭിന്നശേഷിക്കാരനായ യുവാവിന്റെ തൊഴിലിലൂടെ സ്വയംപര്യാപ്തത നേടാനുള്ള സ്വപ്നത്തിന് അദാലത്തിൽ സാക്ഷാത്ക്കാരം. മുള്ളൂർക്കര വില്ലേജിലെ വലിയകത്ത് റസ്ലുദീൻ മകൻ മുഹമ്മദ് റിസ്വാന്റെ പ്രിന്റിംഗ് ആൻഡ് ഫോട്ടോകോപ്പിയിംഗ് സെന്റർ തുടങ്ങാനുള്ള പരിശ്രമങ്ങളാണ് അദാലത്ത് വേദിയിൽ സഫലമായത്.
പരാതി അനുഭാവപൂർവംകേട്ട മന്ത്രി കെ. രാജൻ ഒരാഴ്ചയ്ക്കകം കെട്ടിടനമ്പർ നൽകാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് നിർദേശിച്ചു. ചടങ്ങിൽ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അധ്യക്ഷതവഹിച്ചു. മന്ത്രി ആർ. ബിന്ദു, എംഎൽഎമാരായ എ.സി. മൊയ്തീൻ, യു.ആർ. പ്രദീപ്, വടക്കാഞ്ചേരി നഗരസഭാ അധ്യക്ഷൻ പി.എൻ. സുരേന്ദ്രൻ, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അടലരസൻ, സബ് കളക്ടർ അഖിൽ വി.മേനോൻ, തൃശൂർ ഡിഎഫ്ഒ രവികുമാർ മീണ, ഡെപ്യൂട്ടി കളക്ടർ(എൽആർ) എം.സി. ജ്യോതി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.