ന്യായവിലയിലെ അപാകം: ഉദ്യോഗസ്ഥര്‍ക്കു വീഴ്ചപറ്റി
1488686
Friday, December 20, 2024 7:48 AM IST
എടതിരിഞ്ഞി: വില്ലേജില്‍ ന്യായവില നിശ്ചയിച്ചതില്‍ ഉദ്യോഗസ്ഥര്‍ക്കു വീഴ്ചപറ്റിയെന്നും അദാലത്തില്‍ അപ്പീല്‍ നല്‍കുന്നതിന് ഭൂവുടമകള്‍ക്ക് പണം ചെലവഴിക്കേണ്ടിവരുന്നത് ഒഴിവാക്കണമെന്നും എടതിരിഞ്ഞി വില്ലേജ് ഫെയര്‍വാല്യു കുറവുചെയ്യല്‍ കര്‍മസമിതി ആവശ്യപ്പെട്ടു.
ഇക്കാര്യം ആവശ്യപ്പെട്ട് മന്ത്രി ആര്. ബിന്ദുവിനെ നേരിട്ടുകണ്ട് നിവേദനം നല്കി. ന്യായവില നിര്‍ണയത്തിലുള്ള അപാകം പരിഹരിക്കുന്നതിനായി വില്ലേജ്തലത്തില്‍ അദാലത്ത് സംഘടിപ്പിക്കാന്‍ മന്ത്രി കെ. രാജന്റെ അധ്യക്ഷതയില്‍ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഭൂരേഖ തഹസില്‍ദാര്‍ പൊതുജനങ്ങളില്‍നിന്ന് നേരിട്ട് അപ്പീല്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതിനായി പുറപ്പെടുവിച്ച നോട്ടീസാണ് പ്രദേശവാസികളുടെ എതിര്‍പ്പിനിടയാക്കിയിരിക്കുന്നത്. നിശ്ചിതഫോമില്‍ 50 രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പും നൂറുരൂപയുടെ ലീഗല്‍ ബെനിഫിറ്റ് സ്റ്റാമ്പും പതിച്ച് നികുതിരസീത്, ആധാരം എന്നിവയുടെ പകര്‍പ്പുസഹിതം 19ന് രാവിലെ 10.30ന് എടതിരിഞ്ഞി എച്ച്ഡിപി സമാജം ഹാളിലും ഇന്നും നാളെയും എടതിരിഞ്ഞി വില്ലേജ് ഓഫീസുകളില്‍ നടത്തുന്ന പ്രത്യേക കാമ്പയിനിലും അപേക്ഷിച്ച് രസീത് സ്വീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
എടതിരിഞ്ഞി വില്ലേജ് പരിധിയില്‍ ഭൂമിയുള്ളവര്‍ ഓരോ അപേക്ഷയ്ക്കും 150 രൂപ മുടക്കണമെന്ന് പറയുന്നത് നീതികേടാണെന്ന് കൗണ്‍സില്‍ ചെയര്മാന് ഇ.കെ. ഗോപിനാഥന് പറഞ്ഞു. രണ്ടരസെന്റിന് കാക്കാത്തുരുത്തി സെന്ററില്‍ 1.48 ലക്ഷവും പടിയൂരില്‍ 54,000 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ഏറ്റവുമാദ്യം വെള്ളംകയറുന്നതും തോടുകളും ചാലുകളുമുള്ള, വിപണിമൂല്യം കുറഞ്ഞ കാക്കാത്തുരുത്തി പ്രദേശത്ത് രണ്ടര സെന്റിന് 20 ലക്ഷം രൂപവരെയാണ് ന്യായവില നിശ്ചയിച്ചിരിക്കുന്നത്. സ്റ്റാമ്പുകള്‍ ഒഴിവാക്കി വെള്ളക്കടലാസില്‍ അപേക്ഷ സ്വീകരിച്ചോ, റവന്യുവകുപ്പിന് പറ്റിയ തെറ്റുതിരുത്തിയോ നടപടിയുണ്ടാകണമെന്നും ഗോപിനാഥന് ആവശ്യപ്പെട്ടു.