രാമച്ചം വിളവെടുപ്പ് തുടങ്ങി; ഇനി നാടിനു സുഗന്ധമേകും
1488936
Saturday, December 21, 2024 6:51 AM IST
പുന്നയൂർക്കുളം: തീരദേശത്തിനു സുഗന്ധമേകി രാമച്ചം വിളവെടുപ്പ് ആരംഭിച്ചു. ഇനി നാടിന്റെ സൗരഭ്യമാകും. കാലംതെറ്റിയ മഴയെ തുടർന്ന് വൈകിയാണ് ഈവർഷം രാമച്ചം വിളവെടുപ്പ്തുടങ്ങിയത്.
രാമച്ചത്തിനു ഇപ്പോൾ കിലോഗ്രാമിന് 85 രൂപയാണ് വില. തീരദേശമേഖലയിലെ കാപ്പിരിക്കാട് മുതൽ എടക്കഴിയൂർവരെയുള്ള ഏക്കർകണക്കിന് രാമച്ചപ്പാടത്ത് വിളവെടുപ്പിന്റെ തിരക്കാണ്. രാമച്ചം വിപണനത്തിന് സർക്കാർതലത്തിൽ സംവിധാനമില്ലാത്തതിനാൽ കർഷകർക്ക് ന്യായമായ വില ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. ഇടത്തട്ടുകാർ ലാഭം കൊയ്യുക്കുകയാണെന്ന് കർഷകർ പറയുന്നു. ചാവക്കാട് മേഖലയിലെ പഞ്ചാരമണലിൽ കൃഷി ചെയ്യുന്ന രാമച്ചത്തിന് പുറംനാടുകളിൽ നല്ല ഡിമാന്‍ഡാണ്.
കൃഷിയിടത്തിൽനിന്നുതന്നെ 50 കിലോയുടെ കെട്ടുകളാക്കി കയറ്റിവിടുകയാണ്. പലകർഷകരും പാട്ടത്തിന് സ്ഥലമെടുത്താണ് കൃഷി ഇറക്കുന്നത്. പാട്ടക്കാശ്, കൃഷിച്ചെലവ്, വേരുകൾപൊട്ടാതെ പറിക്കാനുളള അധ്വാനം, പ്രകൃതിക്ഷോഭത്തിലെ നഷ്ടം ഇതെല്ലാം തരണംചെയ്തുവേണം മുടക്കുമുതൽ തിരിച്ചുപിടിക്കാൻ. അപ്രതീക്ഷിതമായി കനത്ത മഴ പെയ്താൽ രാമച്ച വേര് ചീയും. പിന്നെ സൗരഭ്യം മായും.