പുതിയ റോഡുകൾ തകർന്നു തുടങ്ങി
1488471
Thursday, December 19, 2024 8:59 AM IST
എരുമപ്പെട്ടി: നിർമാണം കഴിഞ്ഞ് മാസങ്ങൾ പിന്നിടുമ്പോഴേക്കും കുന്നംകുളം - വടക്കാഞ്ചേരി റോഡ് പല ഭാഗങ്ങളിലും തകർന്നു തുടങ്ങി.
ബിഎംബിസി നിലവാരത്തിൽ പണിത റോഡ് പല ഭാഗങ്ങളിലും വിണ്ടുപൊട്ടി കുഴികൾ രൂപപ്പെട്ട അവസ്ഥയിലാണ്. എരുമപ്പെട്ടി പഞ്ചായത്തിൽ ഉൾപ്പെടുന്ന കുണ്ടന്നൂർ ചുങ്കം സെന്ററിനു സമീപം റോഡ് ഇടിഞ്ഞ് ചാലുപോലെ താഴ്ന്ന് അപകടാവസ്ഥയിലായിരിക്കുകയാണ്. റോഡിന്റെ ഒരു വശമാണ് താഴ്ന്ന് കുഴിയായിരിക്കുന്നത്. ഇത് ഇരുചക്രവാഹനയാത്രക്കാർക്കുൾപ്പടെ വലിയ രീതിയിൽ അപകട ഭീഷണിയുയർത്തുന്നുണ്ട്.
വാഹനങ്ങൾ താഴ്ന്ന ഭാഗത്തേക്ക് ഇറക്കാതെ മറുവശത്തുകൂടി ഓടിക്കുന്നത് അപകടസാധ്യത വർധിപ്പിക്കുന്നു. എരുമപ്പെട്ടി കരിയന്നൂരിലും റോഡ് വിണ്ടു പൊട്ടിയിട്ടുണ്ട്. നിർമാണത്തിലെ അപാകതയാണ് കോടികൾ ചെലവഴിച്ച് നിർമിച്ച റോഡ് പുതുമ മാറുമ്പോഴേക്കും തകർന്ന് അപകടക്കെണിയായി മാറാൻ കാരണ മെന്ന് ആരോപണമുയരുന്നുണ്ട്.