അളഗപ്പനഗർ പഞ്ചായത്തിൽ 50 ഏക്കർ നെൽകൃഷി കരിഞ്ഞുണങ്ങുന്നു
1454510
Friday, September 20, 2024 1:55 AM IST
അളഗപ്പനഗർ: പഞ്ചായത്തിലെ പൂക്കോട് വട്ടണാത്ര പച്ചളിപ്പുറം പാടശേഖരത്തിലെ ഏക്കർ കണക്കിന് നെൽകൃഷി കരിഞ്ഞുണങ്ങുന്നു. കതിരുവന്ന നെൽച്ചെടികൾ നശിക്കുന്നതിന്റെ കാരണമറിയാതെ ആശങ്കയിലായി കർഷകർ. 80ഓളം ഏക്കർവരുന്ന പാടശേഖരത്തിലെ 50 ഏക്കറിലേറെ നെൽകൃഷി നശിച്ചുകൊണ്ടിരിക്കുകയാണ്. കൃഷിവകുപ്പ് അധികൃതരുടെ നിർദേ ശപ്രകാരം എത്തിച്ച കുഞ്ഞുകുഞ്ഞ് നെൽവിത്താണ് കർഷകർ വിരിപ്പൂ കൃഷിക്കായി ഇറക്കിയത്. ഉദ്യോഗസ്ഥർ പറഞ്ഞ വളവും കീടനാശിനികളും കർഷകർ ഉപയോഗിച്ചിരുന്നു.
എന്നാൽ കതിരു വന്ന സമയത്താണ് നെൽച്ചെടികൾ ഉണങ്ങിത്തുടങ്ങിയത്. ചെടികളുടെ കടഭാഗം മുതൽ ചീഞ്ഞു തുടങ്ങിയ അവസ്ഥയായിരുന്നു. പിന്നീട് ഓലകൾ കരിഞ്ഞുതുടങ്ങി. കതിരുകൾ വിളയാത്ത സ്ഥിതിവന്നതോടെ കർഷകർ കൃഷിവകുപ്പ് അധികൃതരെ ബന്ധപ്പെട്ടെങ്കിലും ഇതിന്റെ കാരണം വ്യക്തമാക്കാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ലെന്ന് കർഷകർ പറയുന്നു.
വായ്പയെടുത്തും സ്വർണം പണയപ്പെടുത്തിയുമാണു പലകർഷകരും കൃഷിയിറക്കിയത്. ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുമൂലം കർഷകർക്ക് ഉണ്ടായത്. ഏക്കർ കണക്കിനുവരുന്ന നെൽ കൃഷി നശിച്ചതോടെ കർഷകർ കടബാധ്യതയിലായി. നെൽച്ചെടികൾ വിളവെത്താതെ കരിഞ്ഞു ണങ്ങിയ പ്രതിഭാസം എന്താണെന്നു കണ്ടെത്തണമെന്നും നശിച്ചുപോയ നെൽകൃഷിയുടെ നഷ്ടം അധികൃതർ നൽകണമെന്നും കർഷകർ ആവശ്യപ്പെട്ടു.
നെൽകൃഷി നശിച്ചുപോയതിന്റെ കാരണംകണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ അടുത്ത തവണ കൃഷിയിറക്കാൻ തയാറല്ലെന്നാണു കർഷകർ പറയുന്നത്. കഴിഞ്ഞവർഷം സമീപത്തുള്ള കാവല്ലൂർ പാടശേഖരത്തിൽ ഇത്തരത്തിലുള്ള രോഗം ബാധിച്ച് കൃഷി നശിക്കുകയും തുടർന്ന് ഇതിന്റെ സാമ്പിളുകൾ പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ പരിശോധിച്ച തിന്റെ ഫലം പുറത്തുവിടുന്നതിനോ കാരണം വ്യക്തമാക്കുന്നതിനോ അധികൃതർ ഇതുവരെ തയാറായിട്ടില്ലെന്ന് കർഷകർ പറയുന്നു.
ജലലഭ്യതയുള്ള പാടത്ത് കൃത്യസമയത്ത് വളവും കീടനാശിനികളും ഉപയോഗിച്ച് രാപ്പകലി ല്ലാതെ ചെയ്ത കൃഷി കത്തിച്ചുകളയുകയല്ലാതെ മറ്റുമാർഗമില്ലെന്നാണു കർഷകർ പറയുന്നത്.