പുത്തൂര്‍ റോഡ് വികസനം: സ്ഥലമേറ്റെടുക്കൽ തടഞ്ഞു
1450671
Thursday, September 5, 2024 1:56 AM IST
പുത്തൂർ: റോഡ് വികസനത്തിന്റെ ഭാഗമായി സ്ഥലമേറ്റെടുക്കാൻവന്ന ഉദ്യോഗസ്ഥരെ ഒരുവിഭാഗം നാട്ടുകാർ തടഞ്ഞു.
കുരിശുമൂലയിലെ സ്ഥലമേറ്റെടുപ്പാണ് തടഞ്ഞത്. പുറമ്പോക്ക് ഭൂമി ഏറ്റെടുത്തശേഷം മാത്രം സ്വകാര്യഭൂമി ഏറ്റെടുത്താൽ മതിയെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇരുഭാഗത്തേക്കും ഏഴരമീറ്റർ വീതിയിലാണ് സ്ഥലം ഏറ്റെടുക്കുന്നത്. ഒരുഭാഗത്ത് കൂടുതൽ പുറമ്പോക്ക് ഭൂമി കിടക്കുമ്പോൾ എതിർഭാഗത്ത് സ്വകാര്യ വ്യക്തികളുടെ സ്ഥലം നഷ്ടമാവുന്നതാണ് പ്രതിഷേധത്തിന് കാരണം. അതേസമയം റോഡിന്റെ അലൈൻമെന്റ് പ്രകാരമാണ് സ്ഥലം ഏറ്റെടുക്കാൻ കഴിയുക എന്ന നിലപാടിലാണ് പൊതുമരാമത്ത് വകുപ്പ്. ഇതാണ് പ്രശ്നങ്ങൾക്ക് കാരണമായത്.
സ്ഥലം ഏറ്റെടുപ്പ് തടഞ്ഞതോടെ തഹസിൽദാർ ഉൾപ്പടെ സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ചനടത്തി. ജനങ്ങളുടെ പ്രതിഷേധം ബന്ധപ്പെട്ടവരെ അറിയിക്കാമെന്നും അതുവരെ എതിർപ്പുള്ളവരുടെ സ്ഥലം ഏറ്റെടുക്കില്ലെന്നും പറഞ്ഞതോടെ പ്രശ്നങ്ങൾക്ക് പരിഹാരമായി. പ്രദേശത്തെ എട്ടോളംവീട്ടുകാരാണ് എതിർപ്പുമായി രംഗത്തുവന്നത്. വരുംദിവസങ്ങളിൽ തുടർനടപടികളുമായി മുന്നോട്ടുപോവുമെന്ന് പൊതുമരാമത്തുവകുപ്പ് ഉദ്യോഗസ്ഥരും അറിയിച്ചു. പ്രതിഷേധത്തെ തുടർന്ന് ഒല്ലൂർ പോലീസും സ്ഥലത്തെത്തി.