കഥകളിയില്‍ കൃഷ്ണന്, കളരിയില്‍ ഉണ്ണിയാര്‍ച്ച, എന്‍സിസിയില്‍ മേജര്‍
1450667
Thursday, September 5, 2024 1:56 AM IST
ഷോബി കെ. പോൾ
ഇരിങ്ങാലക്കുട: കഥകളിയില്‍ പച്ചകുത്തിയും കളരില്‍ ചുവടുറപ്പിച്ചും എന്‍സിസി മേജറായും ഒരു സ്കൂള്അധ്യാപിക. ക്ഷേത്രകലകളിലും കളരിയിലും ഒപ്പം അധ്യാപനത്തിലും മികവുതെളിയിച്ച അധ്യാപികയാണ് മായ നെല്ലിയോട്. ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സംസ്കൃതം അധ്യാപിക.
രണ്ടാഴ്ചമുമ്പ് തിരുവനന്തപുരം മലയിന്‍കീഴ് ശ്രീകൃഷ്ണക്ഷേത്രത്തില്‍ നടന്ന കഥകളിയില്‍ ശ്രീരാമപട്ടാഭിഷേകം കഥയില്‍ ഹനുമാന്റെ വേഷമിട്ടിരുന്നത് ഒരു എന്‍സിസി മേജറായിരുന്നുവെന്നത് അധികമാര്‍ക്കും മനസിലായിരുന്നില്ല. അഞ്ചാംവയസില്‍ കഥകളിയില്‍ അരങ്ങേറ്റം കുറിച്ചയാളാണ് മായ. അച്ഛൻ പ്രശസ്ത കഥകളിയാചാര്യന്‍ വാസുദേവന്‍ നമ്പൂതിരിതന്നെയാണ് ഗുരു. തിരുവനന്തപുരം അട്ടക്കുളങ്ങര സെന്‍ട്രല്‍ ഹൈസ്കൂളിലെ അധ്യാപകനായിരുന്നു അച്ഛന്.
അഞ്ചാംവയസില്‍ തുടങ്ങിയ കഥകളിക്കും 32 -ാം വയസിലെ എന്സിസിക്കുമിടയില് കലയുടെ ഒമ്പതു വഴികള്‍ മായയിലേക്ക് ഒഴുകിയെത്തി. ഓട്ടന്തുള്ളല്, ചാക്യാര്‍കൂത്ത്, മോഹിനിയാട്ടം, കേരളനടനം, മോണോ ആക്ട്, നാടകം, കൂടിയാട്ടം, വീണ, സംഗീതം... കൂടാതെ കളരിയും അഭ്യസിച്ചു. പേരാമംഗലം പികെബി കളരിസംഘത്തിലാണ് കളരി അഭ്യസിക്കുന്നത്.
യൂണിവേഴ്സിറ്റി
കലാതിലകം
1993 ല്‍ കേരള യൂണിവേഴ്സിറ്റിയിലും 1995 ല്‍ കാലടി യൂണിവേഴ്സിറ്റിയിലും കലാതിലകമായിരുന്നു മായ ടീച്ചർ. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം, തിരുവനന്തപുരം ശ്രീപത്മനാഭസ്വാമിക്ഷേത്രം, ചോറ്റാനിക്കര ഭഗവതിക്ഷേത്രം, ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രം, ആറന്മുള പാര്‍ഥസാരഥിക്ഷേത്രം എന്നിവിടങ്ങളിലും ഡല്‍ഹിയിലും ചെന്നൈയിലും മുംബൈയിലും കഥകളി അവതരിപ്പിച്ചിട്ടുണ്ട്. കലാമണ്ഡലം പ്രഭാകരനാണ് ഓട്ടന്തുള്ളലില് ഗുരു. കലോത്സവവേദിയിലെ മത്സരാര്‍ഥികളുടെ വിധിനിര്‍ണയത്തിലും സ്ഥിരംസാന്നിധ്യമാണ്.
ശ്രീകൃഷ്ണവേഷം,
25 വേദികള്‍
അച്ഛന് രചിച്ച രാസക്രീഡയിലെ പ്രധാന കഥാപാത്രമായ ശ്രീകൃഷ്ണവേഷം കേരളത്തിലും മുംബൈയിലുമായി 25 വേദികളില്‍ അവതരിപ്പിച്ചു. പച്ച, സ്ത്രീ, കത്തി, കരിവേഷങ്ങളാണ് പ്രധാനമായും മായ അവതരിപ്പിക്കുന്നത്. കലാമണ്ഡലം രാമന്‍കുട്ടിനായര്‍, കലാമണ്ഡലം കൃഷ്ണന്‍നായര്‍, കലാമണ്ഡലം ഗോപി, കലാമണ്ഡലം വാസുപ്പിഷാരടി, മടവൂര്‍ വാസുദേവന്‍നായര്‍, കൊച്ചുഗോവിന്ദന്പിള്ള, ബാലസുബ്രഹ്മണ്യന് തുടങ്ങിയ പ്രമുഖരോടൊപ്പം വേഷമിട്ടിട്ടുണ്ട്.
ഗുരു അമ്മന്നൂര്‍ മാധവചാക്യാര്ക്കൊപ്പം ഡല്‍ഹിയില്‍ കൂടിയാട്ടത്തിന് അരങ്ങുതാളം അവതരിപ്പിച്ചിട്ടുണ്ട്. കേരളനടനവും മോഹിനിയാട്ടവുമെല്ലാം സ്വന്തമായി ചിട്ടപ്പെടുത്തി അവതരിപ്പിച്ചു. സംഗീതബിരുദധാരിയായ മായയുടെ ഗുരുക്കന്മാരില് പ്രശസ്തയായ ഓമനക്കുട്ടി ടീച്ചറുമുള്പ്പെടുന്നു. പ്രശസ്തഗായിക കെ.എസ്. ചിത്രയുമായി സൗഹൃദമുണ്ട്.
അക്കാദമികരംഗത്തും
തിളക്കം
സംസ്കൃതസാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും എംഫിലും നേടിയ മായ ഇംഗ്ലീഷ് സാഹിത്യത്തിലും സൈക്കോളജിയിലും ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്. സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സംസ്കൃതാധ്യാപിക ആയതിനുശേഷമാണ് എന്‍സിസിയുമായുള്ള ആത്മബന്ധം ആരംഭിക്കുന്നത്. 15 വര്‍ഷമായി ക്യാപ്റ്റനാണ്. രണ്ടുവര്‍ഷമായി എറണാകുളം എന്‍സിസി 23 ബറ്റാലിയന്റെ മേജറാണ്. സ്വയം പരിശീലിപ്പിച്ച എന്‍സിസി സംഘത്തോടൊപ്പം ഡല്‍ഹിയില്‍ റിപ്പബ്ലിക്ദിന പരേഡില്‍ പങ്കെടുക്കാനും മായയ്ക്കു സാധിച്ചു. ഓരോവര്‍ഷവും എന്‍സിസി ക്യാമ്പുകളുടെ ഭാഗമായ ട്രക്കിംഗില്‍ ഉള്‍പ്പെടെ ആവേശത്തോടെ പങ്കെടുക്കുന്നു.
ഭര്‍ത്താവ് മഠത്തില്‍ മുണ്ടയൂര്‍ ദിവാകരന് നമ്പൂതിരി പേരാമംഗലം ശ്രീദുര്‍ഗാവിലാസം സ്കൂള്‍ ഗണിതശാസ്ത്ര അധ്യാപകനായിരുന്നു. ഇപ്പോള്‍ വിരമിച്ചു. പറവട്ടത്ത് ശ്രീദേവി അന്തര്‍ജനമാണ് അമ്മ. മകന് ആദിത്യന് വേദപഠനം കഴിഞ്ഞ് ആയുര്‍വേദത്തില്‍ ബിരുദവും നേടി. ഇപ്പോള്‍ ഗുജറാത്തില്‍ ബറോഡയില്‍ എംഡിക്കു പഠിക്കുന്നു. സഹോദരന് വിഷ്ണു നെല്ലിയോട് കഥകളികലാകാരനും ഒട്ടേറെ ക്ഷേത്രങ്ങളില്‍ തന്ത്രിയുമാണ്.