മരത്താക്കരയിൽ ഫർണിച്ചർ ഷോപ്പിൽ അഗ്നിബാധ
1450665
Thursday, September 5, 2024 1:56 AM IST
ഒല്ലൂർ: മരത്താക്കര കുഞ്ഞനംപാറയിൽ ഫർണിച്ചർ ഷോപ്പിൽ വൻ അഗ്നിബാധ. കോടികളുടെ നഷ്ടം കണക്കാക്കുന്നു. എറണാകുളം സ്വദേശി ശ്രീജിത്തിന്റെ ഉടമസ്ഥതയിലുള്ള ഡി-ടൈൽ എന്ന സ്ഥാപനത്തിലാണ് അഗ്നിബാധയുണ്ടായത്.
ഒരുനില കെട്ടിടത്തിനുള്ളിലെ ഫർണിച്ചർ, ഇന്റീരിയർ, മരത്തിന്റെ തടികൾ, വിവിധ മെഷിനറികൾ തുടങ്ങിയവ കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമികനിഗമനം.
നൂറുകണക്കിനു തൊഴിലാളികൾ പണിയെടുക്കുന്ന സ്ഥാപനമാണ്. ഷോറൂമും ഫർണിച്ചർ നിർമാണശാലയും ഒന്നിച്ച് ഒരു കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നുത്. ഇന്നലെ പുലർച്ചെ രണ്ടിനാണ്് അഗ്നിബാധയുണ്ടായത്. അഗ്നിബാധ കണ്ട വഴിയാത്രക്കാരാണ് അഗ്നിശമനസേനയെ വിവരം അറിയിച്ചത്.
തൃശൂർ, പുതുക്കാട്, ചാലക്കുടി, ഇരിങ്ങാലക്കുട, വടക്കാഞ്ചേരി എന്നിവിടങ്ങളിൽനിന്ന് എത്തിയ ആറ് യൂണിറ്റ് ഫയർഫോഴ്സ് എട്ടുമണിക്കൂറോളം നീണ്ട പരിശ്രമത്തിനോടുവിലാണ് തീ പൂർണമായും അണച്ചത്.
ടിന്നറുകൾ സൂക്ഷിച്ചിരുന്ന ഭാഗത്തേക്ക് തീപിടിക്കുംമുൻപ് തീ നിയന്ത്രിക്കാനായി. അഗ്നിശമനസേനയുടെ സംയോജിത ഇടപെടലിനെതുടർന്നാണ് സമീപത്തെ മറ്റു കെട്ടിടങ്ങളിലക്കും പിറകുവശത്തെ വീടുകളിലേക്കും തീ പടരാതെ സംരക്ഷിക്കുവാൻ സാധിച്ചത്. 75,000 ലിറ്റർ വെള്ളമാണ് തീയണയ്ക്കാൻ ഉപയോഗിച്ചത്.
തൃശൂർ സ്റ്റേഷൻ ഓഫീസർ വൈശാഖിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ്് സ്റ്റേഷൻ ഓഫീസർ ടി. അനിൽകുമാർ, സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ എം.ജി. രാജേഷ്, ഫയർ റെസ്ക്യൂ ഓഫീസർമാരായ പ്രമോദ്, കൃഷ്ണപ്രസാദ്, ജയേഷ്, സന്തോഷ് കുമാർ, സുബൈർ, ശിവദാസ്, ജിമോദ്, വനിതാ ഫയർ റെസ്ക്യൂ ഓഫീസർമാരായ ആൻ മരിയ, ആൽമ മാധവൻ, ആര്യ, അഖില എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.
തീപിടിത്തം ഉണ്ടായ കെട്ടിടത്തിൽ ഇലക്ട്രിക് വിഭാഗം പരിശോധന നടത്തി. ഫോറൻസിക് സംഘം ഇന്നു വിശദപരിശോധന നടത്തുമെന്ന് ഒല്ലൂർ എസ്ഐ കെ.സി. ബൈജു അറിയിച്ചു.