തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവം: അന്വേഷണ റിപ്പോർട്ട് പുറത്തുവിടണം- വി.എസ്. സുനിൽകുമാർ
1450511
Wednesday, September 4, 2024 7:06 AM IST
തൃശൂർ: തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ പോലീസിനു വീഴ്ചപറ്റിയെന്നും ഇതിനു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും സിപിഐ നേതാവും മുൻമന്ത്രിയുമായ വി.എസ്. സുനിൽകുമാർ. വ്യക്തമായ രാഷ്ട്രീയലക്ഷ്യത്തോടെയാണ് പൂരം അലങ്കോലപ്പെടുത്തിയതെന്ന് ആരോപിച്ച സുനിൽകുമാർ, പകൽസമയത്തു പ്രശ്നമില്ലാതെ നടന്ന പൂരം രാത്രി എങ്ങനെ പ്രശ്നമായെന്നും ചോദിച്ചു. ഒരു മാസംകൊണ്ട് പുറത്തുവിടുമെന്നു പറഞ്ഞ അന്വേഷണ റിപ്പോർട്ട് ഇതുവരെയും പുറത്തുവിടാത്തതിനെയും അദ്ദേഹം വിമർശിച്ചു.
പി.വി. അൻവർ എംഎൽഎയുടെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ അന്വേഷണ റിപ്പോർട്ട് അടിയന്തരമായി പുറത്തുവിടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു കത്തു നൽകുമെന്നു സുനിൽകുമാർ പറഞ്ഞു.
തൃശൂർ പൂരത്തിന് എല്ലാക്കാലത്തും പ്രശ്നങ്ങളുണ്ടാകാറുണ്ടെങ്കിലും അതെല്ലാം പരിഹരിച്ചു മുന്നോട്ടുപോകാനാണ് ശ്രമിക്കാറുള്ളത്. എന്നാൽ പൂരം നിർത്തിവച്ചതടക്കമുള്ള കാര്യങ്ങൾ അതീവഗൗരവത്തോടെ കാണണം. പൂരം കലക്കിയതിനു പിന്നിലാരാണെങ്കിലും ഗൂഢാലോചന പുറത്തുകൊണ്ടുവരണം. എഡിജിപി അജിത്കുമാറിനു സംഭവത്തിൽ പങ്കുണ്ടോ എന്നറിയില്ല.
എന്നാൽ അന്നുനടന്ന പല സംഭവങ്ങളും യാദൃച്ഛികമാണെന്നു തോന്നുന്നില്ല.
വിവരമറിഞ്ഞ് ഞങ്ങളൊക്കെ എത്തുന്പോഴേക്കും ബിജെപി സ്ഥാനാർഥി ആംബുലൻസിൽ സ്ഥലത്ത് ആർഎസ്എസ് നേതാക്കൾക്കൊപ്പം എത്തിയിരുന്നു. പൂരം കലക്കിയതിൽ പോലീസിനുപുറമേ പൂരംനടത്തിപ്പുകാർക്കും പങ്കുണ്ട്. പന്തലിലെ ലൈറ്റുകൾ അണച്ചതും മേളം നിർത്തിവയ്പിച്ചതും വെടിക്കെട്ട് വേണ്ടെന്നുവച്ചതും ആരാണെന്ന് സുനിൽകുമാർ ചോദിച്ചു.
എൽഡിഎഫ് സർക്കാരാണ് പൂരം കലക്കിയതെന്ന് അന്നു വ്യാപകപ്രചാരണമുണ്ടായി. അന്നു തൃശൂർ ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന താനും പ്രതിക്കൂട്ടിലായി. അന്വേഷണ റിപ്പോർട്ട് പുറത്തുവന്നശേഷം കൂടുതൽ പറയാനുണ്ടെന്നും സുനിൽകുമാർ മാധ്യമങ്ങളോടു പറഞ്ഞു.
ജുഡീഷൽ അന്വേഷണം വേണം: കെ.മുരളീധരൻ
തൃശൂർ: പൂരം അലങ്കോലമാക്കിയ സംഭവത്തെക്കുറിച്ച് ജുഡീഷൽ അന്വേഷണം വേണമെന്നു ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന കെ. മുരളീധരൻ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിൽ സുരേഷ്ഗോപിയെ വിജയിപ്പിക്കാൻ നടത്തിയ തന്ത്രമാണ് പൂരംകലക്കലെന്നും മുരളി കൊല്ലത്തു മാധ്യമങ്ങളോടു പറഞ്ഞു. അതുവരെ പൂരംചിത്രത്തിലില്ലാതിരുന്ന ബിജെപി സ്ഥാനാർഥി ഒറ്റരാത്രികൊണ്ട് എല്ലായിടത്തുമെത്തി. പകൽപ്പൂരത്തിനു ഞാനും സുനിൽകുമാറുമുണ്ടായിരുന്നു. അവിടെയൊന്നും ബിജെപി സ്ഥാനാർഥിയെ കണ്ടില്ല: മുരളി ചൂണ്ടിക്കാട്ടി.
എഡിജിപി അജിത്കുമാറാണ് പൂരം കലക്കിയതെങ്കിൽ അതിനു കാരണം പിണറായി വിജയനായിരിക്കുമെന്നും മുരളി തുറന്നടിച്ചു. പൂരം അലങ്കോലമാക്കിയതിനെക്കുറിച്ച് ജുഡീഷൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു കത്തുനൽകുമെന്നും മുരളീധരൻ പറഞ്ഞു.
സ്വന്തം ലേഖകൻ