റോഡ് കോണ്‍ക്രീറ്റിംഗ്: യുദ്ധകാലാടിസ്ഥാനത്തില്‍ പണി പൂര്‍ത്തിയാക്കണമെന്നു വ്യാപാരികള്‍
1450501
Wednesday, September 4, 2024 7:06 AM IST
ഇരിങ്ങാലക്കുട: ഷൊര്‍ണൂര്‍ - കൊടുങ്ങല്ലൂര്‍ സംസ്ഥാനപാത കോണ്ക്രീറ്റിടുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ജംഗ്ഷന് മുതല്‍ പൂതംകുളംവരെ നടത്തുന്ന റോഡ് നിര്‍മാണത്തിനെതിരെ നഗരത്തിലെ വ്യാപാരികള്‍ രംഗത്ത്.
ഓണക്കാലമായിട്ടും റോഡ് പൊളിച്ചിട്ടിരിക്കുന്നതും വഴികള്‍ തിരിച്ചുവിടുന്നതും കച്ചവടത്തെ സാരമായി ബാധിച്ചതായി വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ ഇപ്പോള്‍ നടത്തുന്ന പ്രവൃത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തില്‍ മന്ത്രി ആര്. ബിന്ദുവിനു നല്കിയ നിവേദനത്തില്‍ വ്യാപാരികള്‍ ആവശ്യപ്പെട്ടു.
റോഡ് പണികള്‍ ആരംഭിക്കുന്നതിനുമുമ്പ് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ എട്ടാഴ്ചയ്ക്കുള്ളില്‍ ഒരു സെക്ഷന്‍ പണി തീര്‍ത്തുതരാമെന്ന് ഉറപ്പുനല്‍കിയിരുന്നു. ഓഗസ്റ്റ് ഒമ്പതിനു പണികള്‍ ആരംഭിച്ച് 24 ദിവസം പിന്നിട്ടിട്ടും എങ്ങുമെത്തിയിട്ടില്ല. ചന്തക്കുന്ന് - ഠാണ റോഡ് വികസനത്തിനു കെട്ടിടങ്ങള്‍ പൊളിച്ചതിനുശേഷം 100 ദിവസത്തിനകം പണികള്‍ തീര്‍ക്കാമെന്നായിരുന്നു പറഞ്ഞിരുന്നത്. ജൂലെെ 15നു കെട്ടിടം പൊളിക്കല്‍ ആരംഭിച്ച് ഇപ്പോള്‍ 47 ദിവസം കഴിഞ്ഞു. എന്നിട്ടും പണികള്‍ എങ്ങുമെത്തിയിട്ടില്ല. ഇതുമൂലം ഓണക്കാലമായിട്ടും കച്ചവടമില്ലാതെ വ്യാപാരികള്‍ നിരാശരാണ്.
ഒരു വ്യാപാരവും നടക്കുന്നില്ലെന്നും അവര്‍ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ ക്രൈസ്റ്റ് കോളജ് ജംഗ്ഷന് മുതല്‍ പൂതംകുളംവരെയുള്ള ഭാഗത്തെ ഇപ്പോള്‍ നടക്കുന്ന സെക്ഷന്റെ പണികള്‍ 32 ദിവസത്തിനുള്ളില്‍ തീര്‍ത്തുനല്‍കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു.