ഹൈന്ദവ വിശ്വാസികൾക്ക് സ്നേഹവിരുന്ന് ഒരുക്കി ഒസിവൈഎം പ്രവർത്തകർ
1542010
Saturday, April 12, 2025 4:35 AM IST
കൂത്താട്ടുകുളം : മത സാഹോദര്യത്തിന്റെ നേർക്കാഴ്ചയൊരുക്കി വടകരയിലെ ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം. ഒലിയപ്പുറം ഭഗവതി ക്ഷേത്രത്തിലെ മീനപ്പൂര ഉത്സവത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്രയിൽ പങ്കെടുത്ത വിശ്വാസികൾക്ക് വടകര സെന്റ് ജോണ്‍സ് ഓർത്തഡോക്സ് പള്ളി മുറ്റത്തും പള്ളിയുടെ ഒലിയപ്പുറം കുരിശിനു സമീപവും സ്നേഹവിരുന്ന് ഒരുക്കിയാണ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനമായ ഒസിവൈഎം പ്രവർത്തകർ മാതൃകയായത്.
താലപ്പൊലിയും ചെണ്ടമേളവും അമ്മൻകുടവും ആനയും ഉൾപ്പെടെ ക്ഷേത്രത്തിലേക്ക് വിശ്വാസപൂർവം പുറപ്പെട്ട ഘോഷയാത്ര പള്ളിമുറ്റത്ത് പ്രവേശിച്ച് ഒസിവൈഎം പ്രവർത്തകർ നൽകിയ സംഭാരം കഴിച്ച ശേഷമാണ് ഭക്തർ ക്ഷേത്രത്തിലേക്കുള്ള യാത്ര തുടർന്നത്.
കൂത്താട്ടുകുളം ഭാഗത്ത് നിന്നെത്തിയ ഭക്തർക്കായി പള്ളിമുറ്റത്തും തിരുമാറാടി, കുഴിക്കാട്ടുകുന്ന് ഭാഗങ്ങളിൽ നിന്നും എത്തിയ ഭക്തർക്കായി ഒലിയപ്പുറം കുരിശിനു സമീപവുമാണ് സംഭാരം നൽകുന്നതിനുള്ള കൗണ്ടർ സജ്ജീകരിച്ചിരുന്നത്.
ഒസിവൈഎം സെക്രട്ടറി ജെസിലി മനീഷ്, ജോയിന്റ് സെക്രട്ടറിമാരായ ജോമിൻ ജോയികുട്ടി, ജോർജ് സൈമണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് സംഭാരം കൗണ്ടർ ഒരുക്കിയിരുന്നത്.
വിവിധ ഭാഗങ്ങളിൽനിന്ന് ഒലിയപ്പുറത്തെത്തിയ ഭക്തർ ഒലിയപ്പുറം കുരിശിനു സമീപം ഭക്തിപൂർവം കാളതുള്ളൽ ഉൾപ്പെടെയുള്ള ആചാരങ്ങൾ ആചരിക്കുകയും ക്രൈസ്തവ സഹോദരങ്ങൾക്കൊപ്പം ഉത്സവത്തിന്റെ ആഘോഷങ്ങളിൽ ഒത്തുചേരുകയുമായിരുന്നു.