കിഴക്കേക്കര വാച്ച് സ്റ്റേഷൻ - അറക്കൽ ജംഗ്ഷൻ റോഡ് : പുനർനിർമിക്കാൻ എംഎൽഎയ്ക്ക് നിവേദനം
1541999
Saturday, April 12, 2025 4:27 AM IST
മൂവാറ്റുപുഴ : മൂവാറ്റുപുഴ - തേനി അന്തർസംസ്ഥാന ഹൈവേ ബിഎം ബിസി നിലവാരത്തിൽ പുനർ നിർമിച്ചപ്പോൾ ഉപേക്ഷിക്കപ്പെട്ടുപോയ കിഴക്കേക്കര വാച്ച് സ്റ്റേഷൻ - അറക്കൽ ജംഗ്ഷൻ റോഡ് പുനർ നിർമിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ മാത്യു കുഴൽനാടൻ എംഎൽഎയ്ക്ക് നിവേദനം നല്കി.
മൂവാറ്റുപുഴയിലെ ആദ്യകാല പിഡബ്ല്യുഡി റോഡുകളിലൊന്നാണ് വാച്ച് സ്റ്റേഷൻ - ഏനാനല്ലൂർ കോട്ട റോഡ്. കോട്ട റോഡുൾപ്പെടുത്തി മൂവാറ്റുപുഴ - തേനി അന്തർസംസ്ഥാന ഹൈവേ റോഡിന് രൂപകൽപ്പന നടത്തിയപ്പോൾ വാച്ച് സ്റ്റേഷൻ മുതൽ അറക്കൽ ജംഗ്ഷൻ വരെയുള്ള ഭാഗം ഒഴിവാക്കപ്പെട്ടു. കഴിഞ്ഞ 20 വർഷത്തിലേറെയായി യാതൊരു വിധ അറ്റകുറ്റപ്പണിയും നടത്താത്തതിനാൽ റോഡിലൂടെ കാൽനട യാത്ര പോലും ദുസഹമായി.
ഇതേ തുടർന്നാണ് നഗരസഭാംഗം മേരിക്കുട്ടി ചാക്കോ, നഗരസഭ മുൻ അംഗങ്ങളായ കെ.എം അബ്ദുൽ മജീദ്, കെ.എ അബ്ദുൽ സലാം, കോണ്ഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി എൻ.പി ജയൻ, മുസ്ലിം ലീഗ് ടൗണ് പ്രസിഡന്റ് മുസ്തഫ കമാൽ എന്നിവരുടെ നേതൃത്വത്തിൽ എംഎൽഎയ്ക്ക് പരാതി നൽകിയത്. എംഎൽഎയുടെ നിർദേശപ്രകാരമാണ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ജൂലിയുടെ നേതൃത്വത്തിൽ പിഡബ്ല്യുഡി അധികാരികൾ സ്ഥലം സന്ദർശിച്ച് പരാതി ബോധ്യപ്പെട്ടത്.
റോഡിന്റെ ഈ ഭാഗം ആസ്തി രജിസ്റ്ററിൽ നിന്ന് വിട്ടുപോയിട്ടുണ്ടെന്നും ഇക്കാര്യത്തിൽ മേലധികാരികളുമായി ബന്ധപ്പെട്ട് ഉടൻ പരിഹാരമുണ്ടാക്കുമെന്നും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ നാട്ടുകാർക്ക് ഉറപ്പു നൽകി.
ചാലിക്കടവ് പാലം യാഥാർഥ്യമായതോടെ ഈ റോഡിലൂടെയുള്ള ഉപയോഗത്തിന് കുറവു വന്നിട്ടുണ്ടെങ്കിലും കടത്ത് വഞ്ചി കടന്ന് കാവുങ്കര മാർക്കറ്റിലേക്കും പുഴക്കരക്കാവ് അടക്കമുള്ള ദേവാലയങ്ങളിലേക്കും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും നൂറുക്കണക്കിന് കാൽ നടയാത്രക്കാരും വിദ്യാർഥികളും ഇപ്പോഴും ആശ്രയിക്കുന്ന റോഡാണിത്.