ആലങ്ങാട് മേഖലയിൽ അതിഥിത്തൊഴിലാളികൾക്കിടയിൽ ലഹരി ഉപയോഗം കൂടുന്നു: പോലീസ് നിഷ്ക്രിയമെന്ന് ആരോപണം
1541989
Saturday, April 12, 2025 4:18 AM IST
ആലങ്ങാട് : ആലങ്ങാട് മേഖലയിൽ ഒട്ടേറെ തവണ അതിഥിത്തൊഴിലാളികളെ ലഹരിവസ്തുക്കളുമായി പോലീസ്- എക്സൈസ് സംഘം പിടികൂടിയിട്ടും ഇവരെക്കുറിച്ചുള്ള വിവര ശേഖരണത്തിന്റെ കാര്യത്തിൽ പോലീസ് കൃത്യമായ ഇടപെടലുകൾ നടത്തുന്നില്ലെന്നു വ്യാപക പരാതി,
കഴിഞ്ഞ കുറച്ചു മാസങ്ങൾക്കിടെ ആലങ്ങാട്, കരുമാലൂർ, കോട്ടുവള്ളി മേഖലയിൽ നിന്നു കഞ്ചാവും നിരോധിത പുകയില ഉത്പന്നങ്ങളുമായി ഇരുപതോളം അതിഥിത്തൊഴിലാളികളെ പിടികൂടിയതായാണു കണക്കുകൾ.
കൃത്യമായ രേഖകളില്ലാതെ പാടത്തെ ഷെഡ്ഡുകളിലും അടച്ചുറപ്പില്ലാത്ത ഇടുങ്ങിയ മുറികളിലും താമസിക്കുന്നത് ആയിരക്കണമെക്കിന് അതിഥിത്തൊഴിലാളികളാണ്.
ഇവരിൽ ബംഗ്ലാദേശികളുടെ സാന്നിധ്യമുണ്ടെന്നു കാണിച്ചു നാട്ടുകാർ പരാതി അറിയിച്ചെങ്കിലും അന്ന് പോലീസോ, ബന്ധപ്പെട്ട അധികൃതരോ കാര്യമായ പരിശോധന പോലും നടത്തിയില്ല.
വിവര ശേഖരണത്തിന്റെ ഭാഗമായി ഇവർക്കു താമസ സൗകര്യം ഒരുക്കി നൽകിയ കെട്ടിട ഉടമകൾ, കൊണ്ടുവന്നു താമസിപ്പിക്കുന്ന വ്യക്തികൾ എന്നിവരോടു സ്റ്റേഷനിലെത്താൻ കഴിഞ്ഞ വർഷം പകുതിയോടെ ആലങ്ങാട്- ബിനാനിപുരം പോലീസ് സ്റ്റേഷൻ വഴി അറിയിപ്പു നൽകിയെങ്കിലും യാതൊരു ഗുണമുണ്ടായില്ലെന്നാണ് ആക്ഷേപം. തുടർന്നു പോലീസും ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധചെലുത്തിയില്ല.
ആലങ്ങാട് മേഖലയിൽ പലയിടത്തും അടച്ചുറപ്പില്ലാത്ത വൃത്തിഹീനമായ സ്ഥലങ്ങളിലാണ് ഇവർ കുട്ടമായി താമസിക്കുന്നത്. ഇവിടേക്കു പോകാൻ പോലീസും അധികൃതരും മടിക്കുന്നതായി ആക്ഷേപമുണ്ട്.
പോലീസിലെ രഹസ്യാനേഷണ വിഭാഗം വിവിരങ്ങൾ തിരക്കിയതിൽ അപ്പുറം നാളിതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് അറിയുന്നത്.