ആലങ്ങാട് മേത്താനത്ത് നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണു
1542172
Sunday, April 13, 2025 4:15 AM IST
നിലംപൊത്തിയത് 60,000 ചതുരശ്ര അടിയിൽ നിർമിക്കുന്ന ഗോഡൗൺ
ആലങ്ങാട്: ആലങ്ങാട് പഞ്ചായത്തിലെ മേത്താനം പാലത്തിന് സമീപത്തുള്ള നിർമാണത്തിലിരിക്കുന്ന ഗോഡൗണിന്റെ ഇരുമ്പു ബീമുകളും താഴെ ഉറപ്പിച്ച ഇരുമ്പ് തൂണുകളും തകർന്നു വീണു. ആളപായമില്ല. ഇന്നലെ പുലർച്ചെയായിരുന്നു അപകടം ഉണ്ടായത്. 60000 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിക്കുന്ന കുറ്റൻ ഗോഡൗണിന്റെ മുഴുവൻ ഭാഗവും പൂർണമായും നിലംപൊത്തുകയായിരുന്നു.
ഇരുമ്പു തൂണുകളിൽ പണിതുയർത്തി മുകളിലെ ഹൈ ബീമുകളുടെ നിർമാണം പൂർത്തിയാകാൻ ഇരിക്കവേയാണു ഗോഡൗൺ നിലംപൊത്തിയത്. ആലുവ സ്വദേശി നൈജുവാണു 20 വർഷത്തേക്കു സ്ഥലം പാട്ടത്തിനെടുത്തു ഗോഡൗൺ നിർമിക്കുന്നത്. പ്രമ കമ്പനിയുടെ നേതൃത്വത്തിലാണു നിർമാണം. നിർമാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിനു കാരണമെന്നാണു ആരോപണം.
സംഭവത്തെ തുടർന്നു പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. നിർമാണം താത്കാലികമായി നിർത്തിവയ്ക്കാൻ കാണിച്ചു നോട്ടിസ് നൽകിയിട്ടുണ്ട്. പരിശോധിച്ച ശേഷം മാത്രമേ അനുമതി നൽകുകയുള്ളൂവെന്നാണ്അധികൃതർ അറിയിച്ചിരിക്കുന്നത്.
ഇത്രയും വലിയ ഗോഡൗണിന്റെ ബീമുകൾ ഉൾപ്പെടെ പൂർണമായും നിലംപൊത്തിയത് സുരക്ഷാവീഴ്ചയാണെന്ന പരാതി ഉയർന്നിട്ടുണ്ട്. രാത്രിയായതിനാലും തൊഴിലാളികൾ ഇല്ലാതിരുന്നതിനാലും വൻ അപകടമാണ് ഒഴിവായത്.