ഹരിത കർമസേന മാതൃകാ പ്രവർത്തനത്തിനുള്ള അവാർഡ് റീജയ്ക്ക്
1542193
Sunday, April 13, 2025 4:38 AM IST
ഉദയംപേരൂർ: സംസ്ഥാന സർക്കാർ സംഘടിപ്പിച്ച വൃത്തി കോൺക്ലേവിൽ ഹരിത കർമസേന മാതൃക പ്രവർത്തനത്തിനുള്ള അവാർഡ് എറണാകുളം ജില്ലയിൽ ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേനാംഗം റീജ സന്തോഷ് ഏറ്റുവാങ്ങി.
പ്ലാസ്റ്റിക്ക് ശേഖരണത്തിനിടെ ഒരു വീട്ടിൽ നിന്ന് 13 പവൻ സ്വർണാഭരണം കളഞ്ഞു കിട്ടിയത് വീട്ടുടമയെ തിരിച്ചേൽപ്പിച്ചതിനാണ് അവാർഡ് ലഭ്യമായത്. ജില്ലയിൽ മികച്ച രീതിയിൽ പ്രവർത്തനം നടത്തുന്ന ഉദയംപേരൂർ പഞ്ചായത്തിൽ ഹരിത കർമസേന സാധാരണ പ്രവർത്തനങ്ങൾ കൂടാതെ സ്വാപ്പ് ഷോപ്പ് പ്രവർത്തനവും നടത്തുന്നുണ്ട്.
ഇതിലൂടെ പുനരുപയോഗിക്കാൻ സാധിക്കുന്ന വസ്ത്രങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ ഉൾപ്പെടെ സൗജന്യമായി എത്തിക്കാനും ആവശ്യക്കാർക്ക് സൗജന്യമായി വാങ്ങുന്നതിനും സാധിക്കുന്നു. കൂടാതെ സ്വാപ്പ് ഷോപ്പ് വഴി ഇന്നോകുലം വിതരണവും നടത്തി വരുന്നുണ്ട്.